ന്യൂഡൽഹി: രാംലീല മൈതാനത്ത് നടക്കുന്ന ‘ദില്ലി ചലോ’ പ്രക്ഷോഭത്തിനിടെ, വോട്ടർ പട്ടികയിലെ വെട്ടിനിരത്തലിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി കർണാടകയിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ. വോട്ടർ പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു കിലോമീറ്ററിലധികം നീളമുള്ള കൂറ്റൻ ബാനർ ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.

To advertise here,

‘വെട്ടിമാറ്റപ്പെട്ട വോട്ടുകൾ എവിടെ?’ എന്ന ചോദ്യമുന്നയിച്ച്, ഒഴിവാക്കപ്പെട്ട വോട്ടുകളുടെ പട്ടികയുമായാണ് ഇവർ എത്തിയിരിക്കുന്നത്. വലിയ തോതിൽ ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളാണ് പട്ടികയിൽനിന്ന് നീക്കം ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. കർണാടകയിൽ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടിയിലധികം വോട്ടുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സമരക്കാർ വ്യക്തമാക്കി. കാരണം വ്യക്തമാക്കാതെയാണ് ഇലക്ഷൻ കമ്മീഷൻ വോട്ടുകൾ റദ്ദാക്കിയതെന്നും, ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും കൃത്യമായി ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും ഇവർ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വോട്ട് തട്ടിപ്പിനും വോട്ട് ചോരിക്കുമെതിരെയും ശക്തമായ മുദ്രാവാക്യങ്ങൾ പ്രതിഷേധ മാർച്ചിനിടെ ഉയർന്നു. "എന്റെ വോട്ടാണ് വെട്ടിമാറ്റിയത്, എന്റെ പേര് ഈ പട്ടികയിൽ ഇല്ല" എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് കോൺഗ്രസ് പ്രവർത്തകർ ഈ പ്രതിഷേധത്തിൽ പങ്കാളികളാകുന്നത്. മിന്റോ റോഡിലൂടെ കടന്നുപോയ ഈ മാർച്ച്, രാംലീല മൈതാനത്തെ ദില്ലി ചലോ പ്രക്ഷോഭത്തിലെ ഏറ്റവും ശ്രദ്ധേയവും വ്യത്യസ്തവുമായ സമരരീതിയായി മാറി.