ബെംഗളൂരു: ഗോവയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് തീവണ്ടിക്ക് യാത്രക്കാരിൽനിന്ന് തണുപ്പൻ പ്രതികരണം. സാധാരണ പുതിയ വന്ദേഭാരത് തീവണ്ടികളിൽ ടിക്കറ്റുകൾ അതിവേഗം വിറ്റുതീരുകയാണ് പതിവെങ്കിൽ ബെംഗളൂരു-മഡ്ഗാവ് വന്ദേഭാരത് (26655/26656) കാലിയായി സർവീസ് നടത്തേണ്ട സ്ഥിതിയാണ്. ബെംഗളൂരുവിൽനിന്നുള്ള സർവീസിൽ അടുത്ത രണ്ടുമാസത്തിൽ രണ്ടുദിവസം മാത്രമാണ് മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരിക്കുന്നത്.
ക്രിസ്മസ് ദിനങ്ങളിൽമാത്രമാണ് ഈ തീവണ്ടിയിൽ ചെയർകാറിൽ മുഴുവൻ ടിക്കറ്റും വിറ്റിരിക്കുന്നത്-ഡിസംബർ 24-നും 25-നും. ബാക്കി മിക്കദിവസങ്ങളിലും 700-ൽപ്പരം ടിക്കറ്റുകൾ ബാക്കിയാണ്. വേഗക്കുറവും സർവീസിന്റെ ദൈർഘ്യവുമായിരിക്കാം യാത്രക്കാരെ അകറ്റിനിർത്തുന്നതെന്നാണ് കരുതുന്നത്. രാജ്യത്ത് നിലവിലുള്ള വന്ദേഭാരത് തീവണ്ടികളിൽ ഏറ്റവും കൂടുതൽ ദൈർഘ്യം ഓടുന്ന തീവണ്ടികളിലൊന്നാണ് ഈ സർവീസ്.
സ്ലീപ്പർ ക്ലാസ് അല്ലാത്ത, ഇരുന്നുമാത്രം യാത്രചെയ്യാൻ സാധിക്കുന്ന സാധാരണ വന്ദേഭാരത് തീവണ്ടികളിൽ ഏറ്റവും കൂടുതൽ യാത്രാസമയമെടുക്കുന്നതും ബെംഗളൂരു-മഡ്ഗാവ് തീവണ്ടിയാണ്. ബെംഗളൂരുവിൽനിന്ന് മഡ്ഗാവ് എത്താൻ 13.20 മണിക്കൂറാണ് വേണ്ടിവരുന്നത്. രാജ്യത്ത് നിലവിലുള്ള സമാനതീവണ്ടികളിൽ ഒട്ടുമിക്കതും ഒൻപതുമണിക്കൂറിൽ താഴെ യാത്രാസമയമുള്ളതാണ്. വേഗത്തിന്റെ കാര്യത്തിലും പിന്നിലാണ്. ചുരം പാതയുള്ള ഈ റൂട്ടിൽ വന്ദേഭാരതിന്റെ ശരാശരി വേഗം 50 കിലോ മീറ്ററാണ്.
ബെംഗളൂരുവിൽനിന്ന് ഗോവയിലേക്ക് പോകാൻ കൂടുതൽ പേരും ആശ്രയിക്കുന്ന യശ്വന്ത്പുര-വാസ്കോഡ ഗാമ എക്സ്പ്രസിന്റെ (17309) യാത്രാസമയം 11.55 മണിക്കൂറാണ്. എന്നാൽ, വന്ദേഭാരത്തിൽ ബെംഗളൂരുവിൽനിന്ന് ഗോവയിൽ എത്താൻ ഒന്നരമണിക്കൂറിലധികം വേണം. മംഗളൂരു വഴി പോകുന്നതിനാലാണിത്. ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് യാത്രക്കാരുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഈ റൂട്ടിലും യാത്രക്കാരുടെ പ്രതികരണം മോശമാണ്. മുൻപ് മംഗളൂരു-മഡ്ഗാവ് റൂട്ടിൽ നടത്തിയിരുന്ന സർവീസാണ് ഇപ്പോൾ ബെംഗളൂരു-മഡ്ഗാവ് വന്ദേഭാരത് സർവീസാക്കി മാറ്റിയത്. പഴയ സർവീസിനും യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. പകുതിയോളം സീറ്റിലും കാലിയായി യാത്ര പതിവായതോടെയാണ് ബെംഗളൂവിലേക്ക് നീട്ടി പരീക്ഷണത്തിന് തയ്യാറായത്. എന്നാൽ, നീക്കം കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്നാണ് റിസർവേഷൻ നിലയിൽനിന്ന് വ്യക്തമാകുന്നത്.
Content Highlights: Bengaluru-Madgaon Vande Bharat Express is running with mostly empty seats., The 13.20-hour journey time and slow average speed of 50 km/h are deterring passengers., Except for Christmas days, tickets are widely available for the next two months., Alternative trains like Yesvantpur-Vasco da Gama Express take less travel time.
Published: 16 Nov 2026, 08:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented