ചെന്നൈ: നടൻ വിജയ്‌ക്ക്‌ 2009-ൽ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷസ്ഥാനം വാഗ്ദാനംചെയ്തിരുന്നതായി മുൻ സംസ്ഥാന അധ്യക്ഷൻ കെ.വി. തങ്കബാലുവിന്റെ വെളിപ്പെടുത്തൽ. കോൺഗ്രസിൽ ചേരാൻ വിജയ്‌ക്കും അദ്ദേഹത്തെ സ്വീകരിക്കാൻ പാർട്ടി നേതൃത്വത്തിനും താത്പര്യമുണ്ടായിരുന്നെങ്കിലും പല കാരണങ്ങളുംകൊണ്ട് അത് നടക്കാതെ പോയതാണെന്ന് ഒരു ഓൺലൈൻ മാധ്യമവുമായുള്ള അഭിമുഖത്തിൽ തങ്കബാലു പറഞ്ഞു.

To advertise here,

അച്ഛൻ എസ്.എ. ചന്ദ്രശേഖറിനൊപ്പമാണ് 2009-ൽ വിജയ് ഡൽഹിയിലെത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടത്. രാഷ്ട്രീയപ്രവേശമായിരുന്നു ചർച്ചാവിഷയം. സോണിയാഗാന്ധിയാണ് അപ്പോൾ പാർട്ടി ദേശീയാധ്യക്ഷ; തങ്കബാലു സംസ്ഥാനാധ്യക്ഷനും. കോൺഗ്രസിൽ ചേരുകയാണെങ്കിൽ വിജയ്‌യെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന നിർദേശം തങ്കബാലു ദേശീയ നേതൃത്വത്തിനുമുന്നിൽവെച്ചു. രാജ്യസഭാ അംഗത്വവും വാഗ്ദാനംചെയ്തു. വിജയ്‌ക്കുവേണ്ടി പാർട്ടി സംസ്ഥാനാധ്യക്ഷ പദവി ഒഴിഞ്ഞുകൊടുക്കാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചു.

രാഷ്ട്രീയപ്രവേശത്തെപ്പറ്റി ചർച്ചചെയ്യാൻ എസ്.എ. ചന്ദ്രശേഖർ തന്റെ വീട്ടിൽ വന്നിരുന്നെന്ന് തങ്കബാലു പറഞ്ഞു. കോൺഗ്രസിൽ ചേരാൻ വിജയ്‌ക്ക് താത്പര്യമുണ്ടായിരുന്നു. പാർട്ടി നേതൃത്വത്തിന്റെ ആഗ്രഹവും അതായിരുന്നു. എന്നാൽ, അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങൾ കാരണം അത്‌ പ്രാവർത്തികമായില്ല. വിജയ്‌ക്ക് കോൺഗ്രസിൽ ചേരാൻ താത്പര്യമുണ്ടായിരുന്നെന്നും ചില നേതാക്കളാണ് അത് തടഞ്ഞതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് തങ്കബാലു പഴയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

ടി.വി.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കണമെന്ന ആവശ്യം നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപുതന്നെ താൻ ഉന്നയിച്ചിരുന്നെന്നും തങ്കബാലു അവകാശപ്പെട്ടു. ഡി.എം.കെ.യുമായുള്ള സഖ്യത്തിൽ തുടരുന്നത് കോൺഗ്രസിനെ ദുർബലമാക്കുമെന്നായിരുന്നു തന്റെ അഭിപ്രായം. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് തങ്കബാലു പറഞ്ഞു.