
നിതിൻ നബീന് കീഴിൽ മുഖംമിനുക്കി, പുതിയ ടീമിനെ അവതരിപ്പിച്ച് ബിജെപി. കേരളത്തിലെ ഉൾപ്പെടെയുള്ള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തന്ത്രങ്ങൾ മെനഞ്ഞ് നേട്ടങ്ങൾ കൊയ്യാൻ വഴികാണിച്ചവർക്ക് അർഹമായ പരിഗണന ലഭിച്ചപ്പോൾ ചില അപ്രതീക്ഷിത നീക്കംചെയ്യലുകളുമുണ്ടായി.
വനിതകൾക്കും അർഹമായ പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് പട്ടിക. 13 വൈസ് പ്രസിഡന്റുമാരിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെ ആറ് വനിതകളുണ്ട്. ദേശീയനേതൃത്വവുമായി അത്രനല്ല ബന്ധത്തിൽ അല്ലാതിരുന്നിട്ടും വസുന്ധരയെ ദേശീയ വൈസ് പ്രസിസന്റ് ആക്കിയതിലൂടെ ലക്ഷ്യമിടുന്നത് 2028-ലെ രാജസഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് ആണെന്ന് വ്യക്തം. വസുന്ധര രാജെ വൈസ് പ്രസിഡന്റായി തുടരുമ്പോൾ അവിടുത്തെ മുൻ സംസ്ഥാന അധ്യക്ഷനും ഒബിസി നേതാവുമായ സതീശ് പൂനിയയെ ജനറൽ സെക്രട്ടറിയാക്കിയിട്ടുമുണ്ട്.
എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരിൽ പ്രമുഖപേരുകാർ സ്മൃതി ഇറാനി, ബിപ്ലബ് കുമാർ ദേബ് തുടങ്ങിയവരാണ്. അമേഠിയിൽ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടതിന് പിന്നാലെ പദവിയൊന്നുമില്ലാതിരുന്ന സ്മൃതിയുടെ സംഘടനാരംഗത്തെ തിരിച്ചുവരവാണ് ഈ ഉൾപ്പെടുത്തൽ എന്ന് കണക്കാക്കാം.
സുനിൽ ബൻസലും വിനോദ് താവഡെയും ജനറൽ സെക്രട്ടറി പദവിയിൽ തുടരും. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പോലും പറഞ്ഞുകേട്ടിരുന്ന പേരാണ് ബൻസലിന്റേത്. ബംഗാൾ ബിജെപി പിടിക്കുന്നതിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് ബൻസാലായിരുന്നു. ത്രിപുര മുൻമുഖ്യമന്ത്രിയായ ബിപ്ലബും ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതലക്കാരൻ വിനോദ് താവഡയായിരുന്നു. മൂന്ന് എംഎൽഎമാരെ ചരിത്രത്തിലാദ്യമായി ബിജെപിക്ക് നേടാനായി. അതുപോലെ ബിഹാറിന്റെ ചുമതലയും താവഡയെക്കായിരുന്നു. നിതീഷ് കുമാറിനെ മാറ്റി സാമ്രാട്ട് ചൗധരിയെ വാഴിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും താവഡയെ തുണച്ചു.
16 ദേശീയ സെക്രട്ടറിമാരിൽ മൂന്നുപേർ വനിതകളാണ്- കവിത പാട്ടീദാർ, ഫാങ്നോൺ കോന്യാക്, സംഗീത യാദവ്. ദേശീയ സെക്രട്ടറി സ്ഥാനത്തെത്തിയവരിൽ രണ്ടുപേർ മലയാളികളാണ്. ഒന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, രണ്ടാമൻ അനിൽ ആന്റണി. സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ദേശീയതലത്തിലെ സംഘടനാപദത്തിലേക്കാണ് സുരേന്ദ്രൻ ഇപ്പോൾ എത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടിവിട്ടെത്തിയ സന്ദീപ് പാഠക്കും ദേശീയ സെക്രട്ടറിസ്ഥാനത്തെത്തിയിട്ടുണ്ട്.
13 ദേശീയ വൈസ് പ്രസിഡന്റുമാർ, അതിൽ ആറുപേർ വനിതകൾ
പുതുതായി നിയമിക്കപ്പെട്ട 13 ദേശീയ വൈസ് പ്രസിഡന്റുമാരിൽ ആറുപേർ വനിതകളാണ്. ബിജെപിയുടെ ചരിത്രത്തിൽ ആദ്യമായാണിത്. പുതിയ വൈസ് പ്രസിഡന്റുമാർ ഇവരാണ്: വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), തിരഥ് സിങ് റാവത്ത് (ഉത്തരാഖണ്ഡ്), റാം മാധവ് (ഡൽഹി), ബൈജയന്ത് ജയ് പാണ്ഡ( ഒഡീഷ), ഡി. പുരന്ദരേശ്വരി (ആന്ധ്രപ്രദേശ്), രേഖ വർമ (ഉത്തർ പ്രദേശ്), വർഷാബെൻ നരേന്ദ്രഭായ് ദോഷി ( ഗുജറാത്ത്), ഡോ. ഭാരതി പ്രവീൺ പവാർ (മഹാരാഷ്ട്ര), മൻപ്രീത് സിങ് ബാദൽ (പഞ്ചാബ്), ലാൽ സിങ് ആര്യ (മധ്യപ്രദേശ്), എം. നാഗരാജ (കർണാടക), പ്രൊഫ്. താരിഖ് മൻസൂർ (ഉത്തർ പ്രദേശ്), ഡോ. മധുചന്ദ്ര കർ (പശ്ചിമബംഗാൾ). ഈ പട്ടികയിൽ രാം മാധവിന്റെ പേര് ശ്രദ്ധേയമാണ്. മുൻ ദേശീയ ജനറൽ സെക്രട്ടറിയായ ഇദ്ദേഹം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടേയും ജമ്മു കശ്മീരിന്റെയും ചുമതല വഹിച്ചിട്ടുണ്ട്.
സ്ഥാനം തെറിച്ച അമിത് മാളവ്യ
ബിജെപിയുടെ ദേശീയ പുനഃസംഘടനയിൽ ശ്രദ്ധേയം, ഐടി സെൽ മേധാവിസ്ഥാനത്തുനിന്ന് അമിത് മാളവ്യയെ ഒഴിവാക്കിയതാണ്. ചത്തീസ്ഗഢിൽനിന്നുള്ള ദീപക് മാസ്കിയാണ് പുതിയ ചുമതലക്കാരൻ.
2015-ൽ അമിത് ഷാ ദേശീയ അധ്യക്ഷനായിരുന്ന കാലത്താണ് മാളവ്യ പാർട്ടിയുടെ ഐടി സെൽ മേധാവിസ്ഥാനത്ത് എത്തുന്നത്. 2021-ൽ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയും വഹിച്ചിരുന്നു.
Content Highlights: Nitin Nabin leads the newly announced BJP national team., Vasundhara Raje appointed as National Vice President targeting the 2028 Rajasthan elections., Smriti Irani and Biplab Kumar Deb appointed as National General Secretaries., Malayali leaders K Surendran and Anil Antony named National Secretaries., Amit Malviya removed from his position as IT Cell Head, replaced by Deepak Maski.
Published: 17 Aug 2026, 06:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented