ഷിംല: ഗാന്ധി കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയിൽ ബിജെപി എംപി കങ്കണ റണാവത്തിനെതിരേ കേസെടുത്ത് ഹിമാചൽ പ്രദേശ് പോലീസ്. റിട്ട. ക്യാപ്റ്റൻ അതുൽ ശർമയുടെ പരാതിയിൽ വെള്ളിയാഴ്ചയാണ് ഷിംല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

To advertise here,

നവംബർ 10-ന് കങ്കണയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച പോസ്റ്റിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സൂചനകൾ നൽകിയെന്നാണ് പരാതി. സോണിയ ഗാന്ധിയെ ലക്ഷ്യമിട്ടും പോസ്റ്റിൽ തെറ്റിദ്ധാരണാജനകമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇത് രാഷ്ട്രീയ വിമർശനത്തിനപ്പുറം പൊതുസമാധാനം തകർക്കാനും വിഭാഗീയത വളർത്താനും ഇടയാക്കുമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

പരാതിയിൽ ബി.എൻ.എസ് സെക്ഷൻ 196(1)(b), 353(2), 356(2) എന്നീ വകുപ്പുകൾ പ്രകാരമാണ് ഷിംല പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ സമയബന്ധിതമായ സൈബർ ഫോറൻസിക് അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

സോണിയാ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ ശ്രദ്ധ നേടിയ പഴയൊരു വീഡിയോ പങ്കുവെച്ചായിരുന്നു കങ്കണയുടെ വിവാദമായ സോഷ്യൽമീഡിയ പോസ്റ്റ്. 

കുടുംബാംഗങ്ങൾ ഡൈനിങ്ടേബിളിൽ ഒത്തുകൂടിയിരിക്കുന്നതിനിടെ അമേഠിയിൽ രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തിൽ മുന്നേറുകയാണെന്ന വിവരം അറിയിച്ചുകൊണ്ട് സോണിയയ്ക്ക് ഫോൺ കോൾ വരുന്നതാണ് വീഡിയോയിലെ രംഗം. തുടർന്ന് എല്ലാവരും ആ വാർത്തയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മനേക ഗാന്ധി ഒറ്റപ്പെട്ടുനിൽക്കുന്നതാണ് താൻ ശ്രദ്ധിച്ചതെന്ന് കങ്കണ കുറിച്ചിരുന്നു. വീഡിയോയുടെ അവസാനം വരെ ആശ്വാസം തേടുന്ന കുട്ടിയെപ്പോലെ മനേക ഇന്ദിരാ ഗാന്ധിയെ നോക്കി നിൽക്കുകയായിരുന്നുവെന്നും ഒരു പുഞ്ചിരിയോ നോട്ടമോ അവർ പ്രതീക്ഷിച്ചിരിക്കാമെന്നും കങ്കണ പറഞ്ഞു. എന്നാൽ ആരും മനേകയെ പരിഗണിച്ചില്ലെന്നും ആ ദൃശ്യം ഹൃദയഭേദകമായിരുന്നുവെന്നും അവർ കുറിച്ചു.

വിദേശത്തെ ഒരു കഫേയിൽ വെച്ച് രാജീവ് ഗാന്ധിയെ പരിചയപ്പെട്ട് പിന്നീട് അദ്ദേഹവുമായി ബന്ധം സ്ഥാപിച്ച വിദേശ വനിതയെ ശ്രദ്ധിക്കാനായിരുന്നു എല്ലാവരുടെയും താൽപര്യമെന്നായിരുന്നു സോണിയയെ പരോക്ഷമായി ലക്ഷ്യമിട്ടുള്ള കങ്കണയുടെ മറ്റൊരു പരാമർശം. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ദുരൂഹമായി കടന്നെത്തിയ വിദേശ വനിത എന്നാണ് സോണിയാ ഗാന്ധിയെ കങ്കണ വിശേഷിപ്പിച്ചത്. പുസ്തകത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ കങ്കണയുടെ പ്രതികരണവും ചർച്ചയായിരുന്നു.