ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ്. രാജ്യം ഒരേസ്വരത്തില്‍ പ്രതികരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന് മുന്നില്‍ രാജ്യത്തെ അപമാനിക്കുകയാണെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പാര്‍ട്ടിയെ നിയന്ത്രിക്കാനാകുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് രവിശങ്കര്‍ പ്രസാദ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആഞ്ഞടിച്ചത്.  

To advertise here,

'രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും പാര്‍ട്ടിയെ നിയന്ത്രിക്കാനാകുന്നില്ലേ? ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതുപോലെ സംസാരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഇവരുടെ എല്ലാ പ്രസ്താവനകളും പാകിസ്താനില്‍ ദുരുപയോഗം ചെയ്യുകയാണ്. രാജ്യം ഒരേ സ്വരത്തില്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താനുമുന്നില്‍ രാജ്യത്തെ അപമാനിക്കുകയാണ്', രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

'ഇത്തരം പ്രസ്താവനകള്‍കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നത് എന്താണ്? യുദ്ധം അനിവാര്യമല്ലെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. പാകിസ്താനില്‍ ഈ പ്രതികരണങ്ങള്‍ ടിവിയില്‍ കാണിക്കുകയാണ്. ഭീകരവാദികള്‍ വെടിവെക്കുന്നതിന് മുമ്പ് ആളുകളുടെ മതം ചോദിച്ചിട്ടില്ലെന്നാണ് കര്‍ണാടക മന്ത്രി ആര്‍.ബി. തിമ്മപുര്‍ പറഞ്ഞത്. ഇത് ലജ്ജാകരമാണ്', രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

പാകിസ്താനുമായി യുദ്ധം ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് സിദ്ധരാമയ്യ  പറഞ്ഞത്. ഇതിനെതിരേ ബിജെപി വൻ വിമർശനമുയർത്തുകയും ചെയ്തു. യുദ്ധം പൂർണമായി വേണ്ടെന്നല്ല പറഞ്ഞതെന്നും അനിവാര്യമാണെങ്കിൽ യുദ്ധംവേണമെന്നാണ് ഉദ്ദേശിച്ചതെന്നും സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു.