ന്യൂഡൽഹി: ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറയെക്കുറിച്ചുള്ള വിവരങ്ങൾക്കായി ചൈനയുടെ മറുപടി കാത്തിരിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ രാകേഷ് അഗർവാൾ. 2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ക്യാമറയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇന്ത്യ ചൈനയോട് തേടിയിരിക്കുന്നത്. ഇതുവരെ ചൈനയിൽനിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും എന്നാൽ അന്വേഷണ സംഘത്തിന്റെ കൈവശം ആവശ്യമായ ഫോറൻസിക് തെളിവുകൾ ഉണ്ടെന്നും രാകേഷ് അഗർവാൾ വെള്ളിയാഴ്ച പറഞ്ഞു.

To advertise here,

ക്യാമറയുടെ വിവരങ്ങൾ ലഭിക്കുന്നതിനായി ചൈനയിലേക്ക് ലെറ്റർ റോഗേറ്ററി (എൽആർ) അയയ്ക്കാൻ എൻഐഎ തീരുമാനിച്ചതായി മാർച്ചിൽ റിപ്പോർട്ടുണ്ടായിരുന്നു. ഒരു രാജ്യത്തെ അന്വേഷണത്തിനോ നിയമനടപടിക്കോ മറ്റൊരു രാജ്യത്തിന്റെ സഹായം തേടുന്ന ഔദ്യോഗിക ജുഡീഷ്യൽ അഭ്യർഥനയാണ് ലെറ്റർ റോഗേറ്ററി. ക്യാമറ ആരുടെ കൈവശമായിരുന്നു, ആരൊക്കെയാണ് ഉപയോഗിച്ചത്, ആക്രമണത്തിന് മുമ്പ് ഭീകരർ നടത്തിയ നിരീക്ഷണം, യാത്രകൾ, ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ എന്നിവ കണ്ടെത്തുകയാണ് എൻഐഎയുടെ ലക്ഷ്യം.

ഗോപ്രോ ക്യാമറ നിർമാതാക്കളായ നെതർലൻഡ്സ് ആസ്ഥാനമായ ഗോപ്രോ ബി.വിയെയാണ് വിവരങ്ങൾക്കായി ആദ്യം എൻഐഎ സമീപിച്ചത്. ക്യാമറയുടെ വിതരണ ശൃംഖലയെക്കുറിച്ചും ഉപകരണം ആദ്യമായി പ്രവർത്തനക്ഷമമാക്കിയ സ്ഥലത്തെയും സമയത്തെയും കുറിച്ചുമായിരുന്നു അന്വേഷണം. ക്യാമറ ചൈനയിലെ എഇ ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്ന വിതരണക്കമ്പനിക്കാണ് നൽകിയതെന്ന് നിർമാതാക്കൾ അറിയിച്ചു. ചൈന ആസ്ഥാനമായുള്ള കമ്പനിക്കാണ് ക്യാമറ വിതരണം ചെയ്തത്. 2024 ജനുവരി 30-ന് ചൈനയിലെ ഡോങ്ഗ്വാനിൽവെച്ചാണ് ക്യാമറ ആദ്യമായി പ്രവർത്തനക്ഷമമാക്കിയതെന്നും ഗോപ്രോ എൻഐഎയെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും ചൈനയും തമ്മിൽ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട പരസ്പര നിയമസഹായ കരാർ (എംഎൽഎടി) നിലവിലില്ല. അതിനാൽ, മറ്റൊരു മാർഗത്തിലൂടെയാണ് എൻഐഎ ചൈനയുടെ സഹായം തേടിയത്. ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ കൺവെൻഷൻ (യുഎൻടിഒസി) പ്രകാരമാണ് ചൈനയോട് വിവരങ്ങൾ ആവശ്യപ്പെട്ടത്. ഇന്ത്യയും ചൈനയും ഈ കൺവെൻഷനിൽ അംഗങ്ങളാണ്. ക്യാമറയുടെ വിവരങ്ങൾ ലഭിക്കുന്നതിനായി ചൈനയിലേക്ക് ഔദ്യോഗിക അപേക്ഷ അയയ്ക്കാൻ ജമ്മുവിലെ കോടതി മാർച്ചിൽ എൻഐഎയ്ക്ക് അനുമതി നൽകിയിരുന്നു.

ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ അന്വേഷണത്തിലെ നിർണായക തെളിവാണെന്ന് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ എൻഐഎ വ്യക്തമാക്കിയിരുന്നു. സി3501325471706 എന്ന സീരിയൽ നമ്പറുള്ള ക്യാമറയാണ് ഭീകരാക്രമണത്തിനായി ഉപയോഗിച്ചത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ആക്രമണം നടപ്പാക്കിയ രീതിയും കണ്ടെത്താൻ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും എൻഐഎ കോടതിയെ അറിയിച്ചു. ആക്രമണത്തിന് മുമ്പ് ഭീകരർ നടത്തിയ നിരീക്ഷണം, അവരുടെ യാത്രകൾ, പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ എന്നിവ കണ്ടെത്താൻ ഈ ക്യാമറയിലെ വിവരങ്ങൾ സഹായിക്കുമെന്നും അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടി.

ഭീകരർ ഗോപ്രോ ക്യാമറ ഉപയോഗിച്ച് കൊലപാതകങ്ങൾ ചിത്രീകരിച്ചിരുന്നതായി പഹൽഗാം ഭീകരാക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഒട്ടേറെ പേർ എൻഐഎയ്ക്ക് മൊഴി നൽകിയിരുന്നു. 25 വിനോദസഞ്ചാരികളെയും കുതിരസവാരി സേവനം നൽകിയിരുന്ന ഒരാളെയുമാണ് ഭീകരർ വെടിവെച്ചുകൊന്നത്. ആകെ 26 പേരുടെ ജീവനെടുത്ത ആക്രമണത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ടോ എന്നാണ് എൻഐഎ ഇപ്പോൾ പരിശോധിച്ച് വരുന്നത്.

ആക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെ ജൂലായ് 28-ന് സുരക്ഷാസേന വധിച്ചിരുന്നു. ദച്ചിഗാം വനമേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലായിരുന്നു ഇവരുടെ മരണം. ആക്രമണവുമായി ബന്ധപ്പെട്ട് എൻഐഎ ഇതിനകം രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്യാമറയുടെ വിതരണവും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതോടെ ആക്രമണത്തിന് മുമ്പും ശേഷവും നടന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രതീക്ഷ.