ലഖ്‌നൗ: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെയും മഹാരാഷ്ട്രയിൽ ഉദ്ധവ് സേനയിലെയും പിളർപ്പ് നീക്കത്തിന് ശേഷം ബിജെപി ഉത്തർപ്രദേശിലേക്ക് കണ്ണുവെച്ചതായി സൂചന. ഉത്തർപ്രദേശ് മന്ത്രിയും സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനുമായ ഓംപ്രകാശ് രാജ്ഭറാണ് ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുന്നത്. സമാജ് വാദി പാർട്ടിയിൽ വലിയ പിളർപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നിരവധി എസ്പി നേതാക്കൾ ബിജെപിയിൽ ചേരാൻ തയ്യാറായിട്ടുണ്ടെന്നും ഓംപ്രകാശ് അവകാശപ്പെട്ടു.
സമാജ് വാദി പാർട്ടി (എസ്പി) നേതാവ് രാംഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒരു കത്ത് സമർപ്പിച്ചുവെന്നും ഓംപ്രകാശ് എക്‌സിലൂടെ അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം നൽകിയിട്ടില്ല.
'സമാജ്‌വാദി പാർട്ടിയിൽ വലിയൊരു പിളർപ്പ് സംഭവിക്കാൻ പോകുന്നു. രാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജിക്ക് ഒരു കത്ത് സമർപ്പിച്ചു. ഖനന കുംഭകോണത്തിനും ഗോമതി നദീതീരം പദ്ധതി അഴിമതിക്കും പിന്നിലെ സൂത്രധാരൻ ആരാണെന്ന് ഉത്തർപ്രദേശിലെ എല്ലാവർക്കും അറിയാം. കുരുക്ക് മുറുകുമ്പോൾ, എസ്പി ആശങ്കാകുലരാകുന്നു. മഹാരാഷ്ട്രയും ബംഗാളും മറക്കുക. മുഴുവൻ എസ്പിയും ബിജെപിയിൽ ചേരാൻ തയ്യാറായി ഇരിക്കുകയാണ്' ഓംപ്രകാശ് രാജ്ഭാർ എക്‌സിൽ പോസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിൽ ബിജെപി നയിക്കുന്ന എൻഡിഎയിലെ സഖ്യകക്ഷിയാണ് രാജ്ഭാറിന്റെ പാർട്ടിയും. എന്നാൽ യുപി മന്ത്രിയുടെ അവകാശവാദങ്ങൾ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തള്ളി. 'എസ്പി ഒറ്റക്കെട്ടായി തുടരുന്നു. അതിന്റെ യാത്രയിൽ നിരവധി കയറ്റിറക്കങ്ങൾ അത് അതിജീവിച്ചിട്ടുണ്ട്. ഇത് ശക്തമായ ഒരു പാർട്ടിയാണ്, ഇപ്പോഴും അങ്ങനെയാണ്' അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് അഭൂതപൂർവമായ പിളർപ്പ് നേരിടുന്നതിനിടയിലും പ്രതിപക്ഷ ക്യാമ്പിലെ മറ്റൊരു പ്രധാന കക്ഷിയായ ശിവസേന (യുബിടി) മറ്റൊരു പിളർപ്പിലേക്ക് നീങ്ങുന്നതിനും ഇടയിലാണ് പുതിയ വെളിപ്പെടുത്തൽ.
പ്രതിപക്ഷനിരയെ പിളർത്തി നേരത്തെ പാർലമെന്റിൽ കൊണ്ടുവന്ന് പരാജയപ്പെട്ട വനിതാ സംവരണ ഭേദഗതി ബില്ലും ഡീലിമിറ്റേഷൻ ബില്ലും പാസാക്കുന്നതിന് ആവശ്യമായ അംഗസംഖ്യ ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്. തൃണമൂൽ കോൺഗ്രസ് 20 ലോക്‌സഭാ എംപിമാർ ഇതിനോടകം മറ്റൊരു പാർട്ടിയിൽ ലയിക്കുകയും എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ഒമ്പത് എംപിമാരിൽ പകുതിയോളം പേർ വിമത നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇവർ ഡൽഹിയിലെത്തി പാർലമെന്റ് സ്പീക്കറെ ഉടൻ കണ്ടേക്കും.
ഇതിന് മുന്നോടിയായി ഔദ്യോഗിക പക്ഷം സ്പീക്കറെ കണ്ട് കത്ത് നൽകിയിട്ടുണ്ട്. ഏതെങ്കിലും വിഭാഗം പാർലമെന്റിൽ പ്രത്യേക ഗ്രൂപ്പായി ഇരിക്കണമെന്ന് അഭ്യർത്ഥിച്ച് എത്തുകയാണെങ്കിൽ തങ്ങളുടെ ഭാഗംകൂടി കേൾക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സമാജ് വാദി പാർട്ടിയിൽ പിളർപ്പുണ്ടാകുമെന്നാണ് എൻഡിഎയുടെ പുതിയ അവകാശവാദം. 37 എംപിമാരാണ് സമാജ് വാദി പാർട്ടിക്കുള്ളത്.
Content Highlights: Om Prakash Rajbhar claims a major split is imminent in the Samajwadi Party., Allegations suggest SP leaders are in contact with Home Minister Amit Shah
Published: 17 Jun 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented