
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണം പിടിക്കുകയെന്ന ലക്ഷ്യം നേടുന്നതിനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ തന്ത്രങ്ങളിൽ അടിമുടി മാറ്റം വരുത്തുകയാണ് ബിജെപി. ബംഗാൾ പിടിക്കാനുള്ള സമഗ്രമായ 'ബ്ലൂപ്രിന്റ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ തയ്യാറാക്കി കഴിഞ്ഞെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിലെ അധികാരവും സമവാക്യങ്ങളും ഉപയോഗിച്ച് ബംഗാളിൽ അധികാരത്തിൽ എത്താനാവില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപി മാറാനൊരുങ്ങുന്നത്. ഡൽഹിയിൽനിന്ന് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും പ്രാദേശികമായ വേരുകൾ ഉറപ്പിച്ചു മാത്രമേ ബംഗാൾ കീഴടക്കാനാവൂ എന്നുമുള്ള ബോധ്യത്തിന്റെ പുറത്താണ് മാറ്റങ്ങൾ.
ആദ്യപടിയായി സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചു. വലിയ ജയസാധ്യതയുള്ള മണ്ഡലങ്ങൾ, വിജയിക്കാൻ കൂടുതൽ വിഭവങ്ങൾ ചെലവഴിക്കേണ്ട മണ്ഡലങ്ങൾ, പാർട്ടിക്ക് സ്വാധീനം തീരെ കുറഞ്ഞ മണ്ഡലങ്ങൾ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ബംഗാളിൽ 162 സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കൂടുതൽ വിഭവങ്ങൾ ആവശ്യമായ 49 മണ്ഡലങ്ങളും പാർട്ടി ദുർബലമായ 83 മണ്ഡലങ്ങളുമുണ്ട്. ബൂത്ത് തലത്തിലുള്ള ഓഡിറ്റുകൾ, മുൻകാല വോട്ടിങ് ശതമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ തരംതിരിക്കൽ നടത്തിയിരിക്കുന്നത്.
മേഖലാടിസ്ഥാനത്തിൽ മണ്ഡലങ്ങളെ തരംതിരിച്ച് നാലുപേർക്ക് ചുമതല കൈമാറി. സമിക് ഭട്ടാചാര്യ, സുവേന്ദു അധികാരി, സുകാന്ത മജുംദാർ, ദിലീപ് ഘോഷ് എന്നിവർക്കാണ് വിവിധ സോണുകളുടെ ചുമതല. വിഭാഗീയത അവസാനിപ്പിക്കാനും പ്രാദേശിക തലത്തിൽ ഉത്തരവാദിത്തം ഉറപ്പാക്കാനുമാണിത്. 2021-ൽ മറ്റ് പാർട്ടികളിൽനിന്ന് വന്നവർക്കും സെലിബ്രിറ്റികൾക്കും നൽകിയ അമിത പ്രാധാന്യം തിരിച്ചടിയായെന്ന് പാർട്ടി വിലയിരുത്തുന്നു. അതിനാൽ, ഇത്തവണ ക്ലീൻ ഇമേജുള്ള പ്രാദേശിക പ്രവർത്തകർക്ക് മാത്രമേ പ്രാധാന്യം നൽകൂ. ഇതിനൊപ്പം അടിത്തട്ടിൽ ആർഎസ്എസ് പ്രവർത്തനം നടത്തും. മുസ്ലീം വോട്ടുകൾ ഏകീകരിക്കപ്പെടുന്നത് തടയാൻ ഹിന്ദുത്വ നിലപാടുകളിൽ അല്പം മയം വരുത്തിക്കൊണ്ട് അഴിമതി, തൊഴിലില്ലായ്മ, വികസനം എന്നിവ ഉയർത്തിക്കാട്ടാനാണ് ബിജെപി നീക്കം. തൃണമൂൽ സർക്കാരിന്റെ അഴിമതികളെ 'മഹാ ജംഗിൾ രാജ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രചാരണം ശക്തമാക്കും.
2016-ൽ വെറും 3 സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി 2021-ൽ 77 സീറ്റുകളിലേക്ക് വളർന്നു. 2026-ൽ ഈ വളർച്ച 100 സീറ്റുകൾക്ക് മുകളിലെത്തിച്ച് അധികാരം പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്
ബിജെപി ഭീഷണിയെ അതിശക്തമായാണ് മമത ബാനർജി പ്രതിരോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എസ്ഐആറിനെതിരായ പോരാട്ടവും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾക്കെതിരായ നിലപാടുകളും സ്വീകരിക്കുന്നത്. ഐ-പാക് (I-PAC) ഓഫീസിലെ ഇഡി റെയ്ഡിനെ ബംഗാളിനെതിരെയുള്ള കേന്ദ്രത്തിന്റെ കടന്നാക്രമണമായാണ് മമത വിശേഷിപ്പിച്ചത്. ഇഡി റെയ്ഡിനെ നേരിട്ടെത്തി തടസ്സപ്പെടുത്തിയാണ് മമത പ്രതിരോധം തീർത്തത്.
'ലക്ഷ്മിർ ഭണ്ഡാർ', 'കന്യാശ്രീ' തുടങ്ങിയ ജനക്ഷേമ പദ്ധതികൾ ഗ്രാമീണ മേഖലകളിൽ തൃണമൂലിന് വലിയ സ്വാധീനം നൽകുന്നുണ്ട്. ഇതിനെ അഴിമതി, കള്ളവോട്ട്, വികസന മുരടിപ്പ് തുടങ്ങിയ വിഷയങ്ങളുയർത്തിയാകും ബിജെപി മുന്നോട്ടുവരിക.
Content Highlights: BJP revamps Bengal election strategy under Amit Shah. Focus on grassroots, local leaders, and key issues to win upcoming assembly polls. Learn more!
Published: 13 Jan 2026, 07:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented