ന്യൂഡൽഹി: ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പത്രികാസമർപ്പണം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കേ, എൻഡിഎയിലും മഹാസഖ്യത്തിലും സീറ്റ് വിഭജനചർച്ചകൾ തർക്കം കാരണം നീളുന്നു. 40 സീറ്റുകൾ വേണമെന്ന നിലപാടിലുറച്ച് നിൽക്കുന്ന ലോക്ജൻശക്തി പാർട്ടി (രാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാനോട് 20 മുതൽ 25 വരെ സീറ്റുകൾ നൽകാമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചത്. വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ പസ്വാൻ വ്യാഴാഴ്ച രാവിലെ പട്‌നയിൽ പാർട്ടിനേതാക്കളുടെ അടിയന്തരയോഗം വിളിച്ചുചേർത്തു.
15 സീറ്റുകളെങ്കിലും വേണമെന്നാണ് മറ്റൊരു ഘടകകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ ആവശ്യം. മാന്യമായ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചി തുറന്നടിച്ചു. എച്ച്എഎമ്മിന് എട്ട് സീറ്റുകൾ നൽകാമെന്നാണ് ബിജെപി നിലപാട്.
ജെഡിയുവിന് 101-102സീറ്റ്, ബിജെപിക്ക് 100- 101, എൽജെപി(ആർ) 24- 25, എച്ച്എഎം 8-10, ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്‌ട്രീയ ലോക് മോർച്ച 7 സീറ്റ് എന്നിങ്ങനെയാണ് എൻഡിഎയിലെ ഏകദേശ ധാരണ.
കോൺഗ്രസ് സ്ഥാനാർഥി; 25 സീറ്റിൽ ധാരണ
: ബിഹാറിൽ 25-ഓളം സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ ഉറപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. അതേസമയം, സീറ്റുവിഭജനം സംബന്ധിച്ച മഹാസഖ്യത്തിന്റെ ചർച്ച പുരോഗമിക്കുകയാണ്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ 55-ഓളം സീറ്റുകൾ ലഭിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ തവണ 144 സീറ്റുകളിൽ മത്സരിച്ച ആർജെഡി 135 എണ്ണത്തിൽ മത്സരിച്ചേക്കും. സിപിഐ(എംഎൽ) 30 സീറ്റ്, സിപിഐ 24, സിപിഎം 11 ആവശ്യപ്പെട്ട് പട്ടിക സമർപ്പിച്ചിട്ടുണ്ട്. വികാസ്ശീൽ ഇൻസാൻ പാർട്ടിയുടെ മുകേഷ് സഹാനി ഇടഞ്ഞു നിൽക്കുകയാണ്. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ആർജെഡി നേതാവ് തേജസ്വി യാദവ് നേരിട്ട് ചർച്ച നടത്തുന്നതായാണറിയുന്നത്.
Content Highlights: Bihar Elections: Seat-Sharing Tensions Rise as Alliances Navigate Crucial Decisions
Published: 09 Oct 2025, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented