ഷാർജ: അടുത്തമാസം ആറിന് നടക്കേണ്ട ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് നടപടികൾ വീണ്ടും വിവാദത്തിൽ. റിട്ടേണിങ് ഓഫീസർ നോമിനേഷൻ തള്ളിയ രണ്ട് പേരെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണ് വിവാദം. എന്നാൽ, തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഷാർജ അധികൃതരുടെ നിർദേശപ്രകാരമാണ് പത്രിക തള്ളിയവരെ ഉൾപ്പെടുത്തിയതെന്നും തീരുമാനം തന്റേതല്ലെന്നും റിട്ടേണിങ് ഓഫീസർ പോൾ ടി. ജോസഫ് പ്രതികരിച്ചു.

To advertise here,

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അന്തിമ സ്ഥാനാർഥി പട്ടിക കഴിഞ്ഞമാസം 25-നാണ് പ്രസിദ്ധീകരിച്ചത്. നാമനിർദേശ പത്രികയിലെ അപാകത മൂലം അന്ന് എട്ട് നോമിനേഷനുകൾ തള്ളിയിരുന്നു. ഇതേത്തുടർന്ന് മൂന്ന് മുന്നണികളുമായും റിട്ടേണിങ് ഓഫീസർ ആയ പോൾ ടി. ജോസഫ് ചർച്ച നടത്തുകയും പത്രിക തള്ളിയ നടപടി മുന്നണി നേതാക്കൾ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ലീഗ്-ഇടത് പ്രവാസി സംഘടനകൾ നേതൃത്വം നൽകുന്ന നിലവിലെ ഭരണസമിതിയായ ജനാധിപത്യ മുന്നണിയുടെ കെ.കെ. താലിബ്, റെജി ചാക്കോ എന്നിവരുടെ പേരുകൾ പിന്നീട് പട്ടികയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. എന്നാൽ, ഇത് തന്റെ തീരുമാനമല്ലെന്ന് റിട്ടേണിങ് ഓഫീസർ പോൾ ടി. ജോസഫ് പറഞ്ഞു.

റിട്ടേണിങ് ഓഫീസറുടെ തീരുമാനത്തെ അട്ടിമറിക്കാൻ നിലവിലെ ഭരണ സമിതി ശ്രമിച്ചെന്ന് കോൺഗ്രസ് അനുകൂല മതേതര ജനാധിപത്യ മുന്നണി ആരോപിച്ചു. നിലവിലെ പ്രസിഡന്റ് ഷാർജ അധികൃതർക്ക് പ്രത്യേക ഇ-മെയിൽ അയച്ചെന്നും ഇവർ ആരോപിച്ചു.

മേയ് 17-ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പാണ് സാങ്കേതിക കാരണങ്ങളാൽ സെപ്റ്റംബർ ആറിലേക്ക് മാറ്റിയത്. മൂന്ന് മുന്നണികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാർഥി പട്ടികയെ ചൊല്ലിയുള്ള വിവാദം വീണ്ടും തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.