പട്ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എന്‍ഡിഎയില്‍ സീറ്റ് വിഭജന ധാരണയ്ക്ക് അന്തിമരൂപമാകുന്നു. മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ ബിജെപിയും ജെഡിയുവും തമ്മിൽ ധാരണയിലെത്തിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും എന്‍ഡിഎ വൃത്തങ്ങളറിയിച്ചു. ജെഡിയു 102 സീറ്റുകളിലും ബിജെപി 101 സീറ്റുകളിലും മത്സരിക്കാനാണ് സാധ്യത. ബിജെപിയേക്കാള്‍ ഒരു സീറ്റെങ്കിലും കൂടുതല്‍ വേണം എന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിര്‍ബന്ധം കണക്കിലെടുത്താണ് ഈ ധാരണയെന്നാണ് സൂചന. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് (റാം വിലാസ്) 20 സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്. അന്ന് മറ്റ് ചെറിയ സഖ്യകക്ഷികളായ ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിന് ഏഴും മുകേഷ് സാഹ്നിയുടെ വിഐപിക്ക് പതിനൊന്നും സീറ്റുകള്‍ നല്‍കിയിരുന്നു.
എന്നാല്‍ ഇത്തവണ ചെറുപാര്‍ട്ടികള്‍ എന്‍ഡിഎയ്ക്ക് തലവേദന സൃഷ്ടിക്കുന്നതായാണ് വിവരം. ചിരാഗ് പാസ്വാന് 40 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സീറ്റുകളുടെ കാര്യത്തില്‍ മാന്യമായ എണ്ണത്തില്‍ കുറഞ്ഞതൊന്നും തന്റെ പാര്‍ട്ടി സ്വീകരിക്കില്ലെന്ന് ചിരാഗ് പാസ്വാന് തിങ്കളാഴ്ച പറയുകയുണ്ടായി. എന്നാല്‍ എത്ര സീറ്റാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടില്ല. 40 സീറ്റുകളാണ് പാസ്വാന്റെ ആവശ്യമെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയം നേടിയത് ചൂണ്ടിക്കാട്ടിയാണ് ചിരാഗ് പാസ്വാന്റെ വിലപേശല്‍.
മാസങ്ങളായി പാസ്വാന് സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നുണ്ട്. ചിരാഗ് പാസ്വാന്റെ അനുയായികള്‍ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. നിതീഷ് കുമാറുമായുള്ള പാസ്വാന്റെ ഭിന്നത ഇപ്പോഴും തുടരുന്നു എന്നതാണ് സമീപകാല പ്രസ്താവനകളില്‍നിന്ന് വ്യക്തമാകുന്നത്.
പാസ്വാന് 40-ല്‍ അധികം സീറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍, അദ്ദേഹത്തിന് 20-ല്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കരുതെന്നാണ് നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ നിലപാട്. എന്നാല്‍ ചിരാഗ് പാസ്വാന് എന്‍ഡിഎക്ക് നിര്‍ണായകമാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷുമായുള്ള ഭിന്നതയെ തുടര്‍ന്ന് ചിരാഗ് പാസ്വാന്റെ പാര്‍ട്ടി 135 സീറ്റുകളില്‍ തനിച്ച് മത്സരിച്ചിരുന്നു. അന്ന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂവെങ്കിലും, വോട്ട് വിഭജനം നിതീഷ് കുമാറിന്റെ ജെഡിയുവിന് തിരിച്ചടി സൃഷ്ടിച്ചിരുന്നു.
തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് ശേഷമേ സീറ്റ് വിഭജനത്തില്‍ എന്‍ഡിഎ നേതൃത്വം അന്തിമ തീരുമാനമെടുക്കുവെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. സഖ്യകക്ഷികളെ പിടിച്ച് നിര്‍ത്തുന്നതിനൊപ്പം മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി മാറാന്‍ ശ്രമിക്കുന്ന നേതാക്കളെ തടയുകയാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്.
ബിഹാറില്‍ 243 നിയമസഭാ സീറ്റുകളാണുള്ളത്. നിലവിലെ സീറ്റുനില അനുസരിച്ച് ജെഡിയുവിനേക്കാള്‍ വലിയ പാര്‍ട്ടി ബിജെപിയാണ്. എന്നാല്‍ തങ്ങളാണ് വലിയ പാര്‍ട്ടിയെന്ന അവകാശവാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നിതീഷ്. 2020-ലെ തിരഞ്ഞെടുപ്പിലും ജെഡിയുവാണ് കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചിരുന്നത്. അന്നത്തെ ധാരണയനുസരിച്ച് ജെഡിയു 115 സീറ്റുകളിലും ബിജെപി 110 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ബിജെപി 75 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ജെഡിയുവിന് 43 ഇടങ്ങളില്‍ മാത്രമാണ് ജയിക്കാനായത്.
കഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായിരുന്ന മുകേഷ് സാഹ്നിയുടെ വികാസ്ശീല് ഇന്സാന് പാര്‍ട്ടി ഇപ്പോള്‍ പ്രതിപക്ഷ പാളയത്തിലാണ്. അതേസമയം ചിരാഗ് പാസ്വാന്റെ പാര്‍ട്ടി, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം ഈ മൂന്ന് പാര്‍ട്ടികളെല്ലാംകൂടി 40 സീറ്റുകള്‍ ഇത്തവണ പങ്കിട്ടെടുത്തേക്കും. എന്നാല്‍ ചിരാഗ് പാസ്വാന് അതിന് വഴങ്ങുമോ എന്നത് കണ്ടറിയേണ്ടി വരും.
Content Highlights: NDA in Bihar finalizes its seat-sharing deal for upcoming assembly elections.
Published: 24 Sept 2025, 03:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented