ബിഹാറിലെ ബിജെപിയുടെ ശക്തമായ കോട്ടയായിരുന്ന ബങ്കിപുർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സൂരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ 19,324 വോട്ടുകൾക്കാണ് ബിജെപിയുടെ നീരജ് കുമാർ സിൻഹയെ പരാജയപ്പെടുത്തിയത്. ഇതിനുപിന്നാലെ ബിജെപി എംപി മനോജ് തിവാരി മാധ്യമങ്ങളോട് സംസാരിക്കവെ പൊട്ടിക്കരഞ്ഞു എന്ന വാദത്തോടെ ഒരു വീഡിയോ ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. ‘പ്രശാന്ത് കിഷോറിന്റെ വിജയത്തോടുള്ള മനോജ് തിവാരിയുടെ വൈകാരിക പ്രതികരണം’ എന്നാണ് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. എന്നാൽ, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.

To advertise here,

അന്വേഷണം

ബങ്കിപുർ മണ്ഡലത്തിലെ പ്രശാന്ത് കിഷോറിന്റെ വിജയത്തെക്കുറിച്ച് മനോജ് തിവാരി ഔദ്യോഗിക പ്രതികരണം നടത്തിയതായി വിശ്വസനീയമായ റിപ്പോർട്ടുകളോ പ്രതികരണങ്ങളോ ഇല്ല. തുടർന്ന് വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ, ഈ ദൃശ്യങ്ങൾ ഹിന്ദി വാർത്താ ചാനലായ 'TV9 ഭാരത്‌ വർഷ്' 2020 ജനുവരി 14-ന് യൂട്യൂബിൽ പ്രസിദ്ധീകരിച്ച മനോജ് തിവാരിയുമായുള്ള പ്രത്യേക അഭിമുഖത്തിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി. 2020 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിത്രീകരിച്ചതായിരുന്നു ഇത്. വൈറൽ വീഡിയോ ഇപ്പോഴെത്തേതല്ല എന്ന് ഇതിൽനിന്നു വ്യക്തമാണ്.

23 മിനിറ്റും 26 സെക്കൻഡ് ദൈർഘ്യവുമുള്ള ഈ അഭിമുഖത്തിലെ 14:10 മിനിറ്റ് മുതൽ 15:30 മിനിറ്റ് വരെയുള്ള ഭാഗമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിൽ തന്‍റെ കഴിഞ്ഞകാലത്തെ കഠിനമായ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ഓർത്തെടുക്കുമ്പോഴാണ് മനോജ് തിവാരി വികാരാധീനനായത്.

വീഡിയോയിൽ കണ്ണീർ തുടച്ചുകൊണ്ട് തിവാരി പറയുന്നത് ഇങ്ങനെയാണ്: "സഹോദരാ, എനിക്ക് ഒരു തൂവാല തരൂ, നോക്കൂ, ഞാൻ കരയുകയല്ല. ഇത് സന്തോഷക്കണ്ണീരാണ്. എനിക്ക് വളരെ അഭിമാനം തോന്നുന്നു. നമ്മൾ ദാരിദ്ര്യം കണ്ടിട്ടുണ്ട്.”

ബങ്കിപുർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തോൽവിയെത്തുടർന്ന് മനീഷ് തിവാരി പൊട്ടിക്കരഞ്ഞെന്ന പേരിൽ പ്രചരിപ്പിക്കുന്നത് ആറുവർഷം മുൻപത്തെ വീഡിയോയാണ് എന്ന് വ്യക്തമായി.

വാസ്തവം

ഈ പ്രചാരണം വ്യാജമാണ്. ബങ്കിപുർ ഉപതിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ബിജെപി എംപി മനോജ് തിവാരി പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പഴയകാലത്തെ ഓർത്ത് വികാരാധീനനായതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.