
മൈഥിലി ഠാക്കൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം/ മൈഥിലി ഠാക്കൂര്‍ | Photo: Instagram/ Maithili Thakur
ബിഹാറിലെ അലിനഗറില്‍നിന്ന് ഇത്തവണ മത്സരിച്ച താര സ്ഥാനാർഥിയായിരുന്നു 25-കാരിയായ മൈഥിലി ഠാക്കൂര്‍. ബിജെപി നേരത്തെതന്നെ ഉറപ്പിച്ച സീറ്റുകളിലൊന്ന്. അതില്‍ ഒരു മാറ്റവും സംഭവിച്ചില്ല. അര്‍ജെഡിയുടെ വിനോദ് മിശ്രയ്‌ക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് ഗായിക കൂടിയായ മൈഥിലി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പാണ് അവര്‍ക്ക് ബിജെപി അംഗത്വം നല്‍കിയത്. ഇന്‍സ്റ്റഗ്രാമില്‍ 63 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള മൈഥിലിയെ അലിനഗറിലെ ജനങ്ങളും പിന്തുടരുമെന്ന് ബിജെപിക്ക് കൃത്യമായ കണക്കുകൂട്ടലുണ്ടായിരുന്നു. ബിഹാറിലെ നാടന്‍ പാട്ടുകളിലൂടേയും ഭജനകളിലൂടേയും പ്രശസ്തയായ മൈഥിലി രാഷ്ട്രീയത്തിനായി മൈക്ക് കൈയിലെടുത്തപ്പോഴും പിഴച്ചില്ല.
ബിഹാറിലെ ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു തിരഞ്ഞെടുപ്പ് റാലികളില്‍ മൈഥിലി പറഞ്ഞിരുന്നത്. അലിനഗറിന്റെ പേര് മാറ്റി സീതാനഗര്‍ എന്നാക്കുമെന്നും അവര്‍ വാഗ്ദാനംചെയ്തു. എന്നാല്‍, അതിനിടയില്‍ അവര്‍ വിവാദങ്ങളിലും അകപ്പെട്ടു. ബഹുമാനത്തോടെ കൊണ്ടുനടക്കേണ്ട 'പാഗ്' എന്ന തലപ്പാവില്‍വെച്ച് മഖാന കഴിക്കുന്ന വീഡിയോയാണ് പണി പറ്റിച്ചത്. ഒടുവില്‍ മൈഥിലിക്ക് മാപ്പ് പറയേണ്ടിയും വന്നു.
ഈ മണ്ഡലത്തില്‍നിന്ന് ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു എംഎല്‍എ വരുന്നത്. കഴിഞ്ഞ തവണ സീറ്റ് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കുകയായിരുന്നു. എന്നാല്‍, ഇത്തവണ തീരുമാനം മാറ്റി ബിജെപി സ്വന്തം സ്ഥാനാര്‍ഥിയേത്തന്നെ പ്രഖ്യാപിച്ചു. ഇതിനൊപ്പം ബിഹാറിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ എന്ന ചരിത്രവും മൈഥിലിക്കൊപ്പം ചേരും. ഇതിന് മുമ്പ് തേജസ്വി യാദവും തൗസീഫ് ആലവുമായിരുന്നു ഇത് പങ്കിട്ടിരുന്നത്. 2015-ല്‍ രഘോപൂരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 26 വയസായിരുന്നു തേജസ്വിയുടെ പ്രായം. ഇതേ പ്രായത്തില്‍ 2005-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് തൗസീഫ് വിജയിച്ചത്.
ബിഹാറിലെ മഥുബനി ജില്ലയിലെ ബെനിപറ്റിയിലാണ് മൈഥിലി ജനിച്ചത്. സംഗീതാധ്യാപകനായ രമേഷ് ഠാക്കൂറാണ് അച്ഛന്‍. അമ്മ ഭാരതി ഠാക്കൂര്‍. കുട്ടിക്കാലംതൊട്ട് അച്ഛന് കീഴില്‍ സംഗീതം പഠിക്കാന്‍ തുടങ്ങി. നാടന്‍പാട്ടിനൊപ്പം ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ മ്യൂസിക്കും മൈഥിലി പഠിച്ചു. പത്താം വയസ് മുതല്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി.
പിന്നീട് കുടുംബം ഡല്‍ഹിയിലെ ദ്വാരകയിലേക്ക് താമസം മാറി. മൈഥിലിക്ക് സംഗീതത്തില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നുകിട്ടാനായിരുന്നു ഈ മാറ്റം. ഇതിനൊപ്പം തബലയും ഹാര്‍മോണിയവും മൈഥിലി പഠിച്ചെടുത്തു. ഹിന്ദി മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ അവര്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ലിറ്റില്‍ ചാംപ്‌സിലും ഇന്ത്യന്‍ ഐഡല്‍ ജൂനിയറിലും മൈഥിലി തന്റെ സാന്നിധ്യമറിയിച്ചു. റൈസിങ് സ്റ്റാര്‍ എന്ന ഷോയിലെ ആദ്യ ഫൈനലിസ്റ്റുമായി.
മൈഥിലിക്കൊപ്പം സംഗീതത്തിന്റെ അതേപാതയിലൂടെ തന്നെയാണ് സഹോദരങ്ങളായ റിഷവും അയാച്ചിയും സഞ്ചരിച്ചത്. മൂവരും ഇന്ത്യയിലും വിദേശത്തും ഉള്‍പ്പെടെ ഒട്ടേറെ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഇതിനൊപ്പം യുട്യൂബിലും ഫെയ്‌സ്ബുക്കിലും സജീവമാകുകയും ചെയ്തു.
Content Highlights: maithili thakur folk singer turned politician set to become bihars youngest mla
Published: 14 Nov 2025, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented