
ലാലു പ്രസാദ് യാദവ് | Photo: mathrubhumi archives
ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ഭരണം അവസാനിച്ചിട്ട് രണ്ടു പതിറ്റാണ്ടായി. 2005-നു ശേഷം പിന്നീട് അധികാരത്തിന്റെ ഇടനാഴികളില്‍ ജനം അദ്ദേഹത്തെ കണ്ടിട്ടില്ല. ജെന്‍സി തലമുറയിലെ വോട്ടര്‍മാര്‍ ലാലുവിനെയോ അദ്ദേഹത്തിന്റെ ആര്‍ജെഡിയേയോ അധികാരത്തില്‍ കണ്ടിട്ടില്ല. എന്നിട്ടും ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കടുത്ത നിയമലംഘനങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും കഥകള്‍ ഇന്നും ബിഹാറില്‍ സജീവമാണ്.
ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ ഇത്തവണ അതിഗംഭീര വിജയം ആഘോഷിക്കുമ്പോഴും ബിഹാറിലെ നയന്റീസ് കിഡ്‌സ് ലാലുവിന്റെ കാലത്തെ ജംഗിള്‍ രാജ് കഥകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ്. ബിഹാര്‍ പ്രക്ഷുബ്ധമായിരുന്ന 1990-കളില്‍ ജീവിച്ചിരുന്നവര്‍ തങ്ങള്‍ നേരിട്ട നിയമലംഘനങ്ങളുടെയും തട്ടിക്കൊണ്ടുപോകല്‍ ഭീഷണികളുടെയും കഥകളും ലാലുവിന്റെ ദുര്‍ഭരണം തങ്ങളുടെ കുട്ടിക്കാലത്തെ നശിപ്പിച്ചതിനെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെയ്ക്കുകയാണ്.
തനിക്കും തന്നെപ്പോലെയുള്ള എണ്ണമറ്റ ആളുകള്‍ക്കും 15 വയസിനു മുമ്പ് തന്നെ വിദ്യാഭ്യാസത്തിനും പിന്നീട് ജോലിക്കും വേണ്ടി വീട് വിട്ട് പോകേണ്ടി വന്നതിനു കാരണം ലാലു പ്രസാദ് യാദവാണ്. ബിഹാര്‍ വിട്ടുപോയവര്‍ സ്വന്തം മാതാപിതാക്കളില്‍ നിന്ന് അകന്ന് വളര്‍ന്നവരാണ്. നാട്ടിലെ ഉത്സവ കാലങ്ങളില്‍ പോലും തങ്ങള്‍ക്ക് ഹോസ്റ്റലില്‍ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരാള്‍ ജംഗിള്‍ രാജ് കാലത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ലാലു ബിഹാറിന് വരുത്തിവെച്ച നാശനഷ്ടങ്ങള്‍ അത്രയധികമായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് തലമുറയിലെ ആളുകളുടെ സന്തോഷം നശിപ്പിച്ച് മകനെ മുഖ്യമന്ത്രിയാക്കാനും കുടുംബ നിമിഷങ്ങള്‍ ആസ്വദിക്കാനും ഈ മനുഷ്യന് കഴിയില്ലെന്നും ഇയാള്‍ കുറിച്ചു. ഈ തിരഞ്ഞെടുപ്പിലെ ആര്‍ജെഡിയുടെ പരാജയം തന്റെ വ്യക്തിപരമായ വിജയമാണെന്നാണ് ഒരാള്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് കുറിച്ചത്.
1993-ല്‍ ബിഹാറിലെ തെരുവുകളില്‍ തോക്കുകളുമായി ആളുകള്‍ ചുറ്റിത്തിരിയുന്നത് പതിവായിരുന്നുവെന്ന് ആശിഷ് ഭൂട്ടാഡ എന്ന യൂസര്‍ കുറിച്ചു. ലാലുവിന്റെ ഭരണകാലത്ത് ബലാത്സംഗങ്ങള്‍ സാധാരണമായിരുന്നുവെന്നാണ് മറ്റൊരാളുടെ ആരോപണം. ആര്‍ജെഡിയുടെ ഗുണ്ടകള്‍ കൂട്ടക്കൊല ചെയ്യുമെന്ന ഭയം കാരണം അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
1997-ല്‍ പട്‌നയിലെ ജനങ്ങള്‍ അനുഭവിക്കുന്ന മോശം ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു ഹര്‍ജി പരിഗണിക്കുന്നതിനിടെ പട്‌ന ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണ് 'ജംഗിള്‍ രാജ്' എന്ന വാക്ക് ബിഹാറിന്റെ രാഷ്ട്രീയ നിഘണ്ടുവിന്റെ ഭാഗമാകുന്നത്. 'ഇത് ജംഗിള്‍ രാജിനേക്കാള്‍ മോശമാണ്, കോടതി നിര്‍ദേശങ്ങളും പൊതുതാല്‍പ്പര്യവും പരിഗണിക്കുന്നില്ല,' എന്നായിരുന്നു അന്ന് കോടതി പറഞ്ഞത്.
ലാലുവിന്റെ ഭരണകാലത്തെ ഏറ്റവും ഭയാനകമായ സംഭവങ്ങളിലൊന്ന് 1997-ല്‍ ജെഹനാബാദില്‍ ഉയര്‍ന്ന ജാതിക്കാരുടെ ഒരു സംഘം ദളിത് സമുദായത്തിലെ 60-ഓളം പേരെ കൊലപ്പെടുത്തിയതാണ്. കാലിത്തീറ്റ കുംഭകോണ കേസുകളിലും ഭൂമി അഴിമതിയിലും ലാലുവിന്റെ പേര് ഉയര്‍ന്നുവന്നതിനു പിന്നാലെ വീണ്ടും 'ജംഗിള്‍ രാജ്' എന്ന പദം ലാലുവിനെയും കുടുംബത്തെയും വേട്ടയാടാന്‍ തുടങ്ങി.
1990-2005 ലാലു-റാബ്രി ദേവി കാലത്തെ ജംഗിള്‍ രാജ് ഓര്‍മ്മപ്പെടുത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍ഡിഎ നേതാക്കളും ഇത്തവണ ബിഹാറില്‍ പ്രചാരണം നടത്തിയത്. ലാലുവിന്റെ കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കുടുംബങ്ങള്‍ നടത്തിയ കഷ്ടപ്പാടുകളെക്കുറിച്ചും ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ഇങ്ങനെയാണ്; 'തട്ടിക്കൊണ്ടുപോകപ്പെടാതിരിക്കാന്‍ ബോര്‍ഡിങ് സ്‌കൂളുകളില്‍ മാതാപിതാക്കളില്‍ നിന്ന് അകന്ന് താമസിക്കേണ്ടിവന്ന ആയിരക്കണക്കിന് കുട്ടികള്‍, ക്ലറിക്കല്‍ ജോലി ലഭിക്കാന്‍ കൈക്കൂലിയായി അവരുടെ പൂര്‍വ്വിക ഭൂമിപോലും പകരം കൊടുക്കേണ്ടിവന്ന ആയിരക്കണക്കിന് ആളുകള്‍, ജംഗിള്‍ രാജില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ ഒരു വിളക്കിനോ പെട്രോമാക്‌സിനോ കീഴില്‍ കഠിനാധ്വാനം ചെയ്ത ദശലക്ഷക്കണക്കിന് ആളുകള്‍. അവരെല്ലാം ഇന്ന് സുഖമായിരിക്കുന്നു. അവര്‍ ഇപ്പോള്‍ അവരുടെ ഫോണ്‍ സ്‌ക്രീനില്‍ കാണുന്ന സംഖ്യകള്‍ നോക്കി പുഞ്ചിരിക്കുന്നു.
ആര്‍ജെഡി ഭരണം അവസാനിച്ചിട്ടും, ലാലു പ്രസാദ് യാദവിന്റെ 'ജംഗിള്‍ രാജി'ന്റെ ഭയത്തില്‍ നിന്ന് ബിഹാറിലെ ജനങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തവണ ആര്‍ജെഡിക്കെതിരായ ജനവിധിയില്‍ നിന്ന് ഇത് വ്യക്തമാണ്. ജാതിസമവാക്യങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ചും വികസനകാര്‍ഡുകള്‍ തരാതരംപോലെ ഉയര്‍ത്തിയുമാണ് എന്‍ഡിഎ സഖ്യം ബിഹാറില്‍ വിജയം ആവര്‍ത്തിച്ചത്.
ഇത്തവണ അക്ഷരാര്‍ഥത്തില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരുകയായിരുന്നു ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എന്‍ഡിഎ. 243 അംഗ നിയമസഭയില്‍ 202 സീറ്റുനേടി സഖ്യം വന്‍വിജയമാണ് സ്വന്തമാക്കിയത്. മഹാസഖ്യം 34 സീറ്റിലൊതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75 സീറ്റുനേടിയ ആര്‍ജെഡി 25 സീറ്റിലേക്ക് ചുരുങ്ങി.
Content Highlights: Explore how 90s kids in Bihar are sharing their memories of Lalu Prasad Yadav`s `Jungle Raj` era on social media, amidst RJD`s electoral defeat and NDA`s victory.
Published: 15 Nov 2025, 03:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented