പാട്‌ന: സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് കീഴില്‍ 1.5 കോടി വനിതകള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുമെന്ന ബിഹാറിലെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് പ്രഖ്യപിച്ച് പ്രശാന്ത് കിഷോര്‍. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജന്‍ സുരാജിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനും ഭരണസഖ്യമായ എന്‍ഡിഎയ്ക്കും എതിരെ രംഗത്ത് വന്നത്. നേരത്തെ, ജെ.ഡിയു 25 സീറ്റുകള്‍ കടന്നാല്‍ താന്‍ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന് പറഞ്ഞിരുന്നു എന്ന അഭ്യൂഹം കിഷോര്‍ തള്ളിക്കളഞ്ഞു. തനിക്ക് രാജി വെക്കാന്‍ ഒരു പദവിയുമില്ലെന്നും താന്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് നിര്‍ത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി എന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനം ചെയ്തതുപോലെ 1.5 കോടി സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വീതം നിതീഷ് സര്‍ക്കാര്‍ നല്‍കുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കിഷോര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 'അവര്‍ ഈ പദ്ധതി യഥാര്‍ത്ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍, രാഷ്ട്രീയം മറക്കൂ, ഞാന്‍ ബിഹാര്‍ തന്നെ വിട്ടുപോകും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ വാഗ്ദാനങ്ങളുടെയും പണമെറിഞ്ഞുമാണ് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. വലിയ വിജയം നേടിയതെന്ന് കിഷോര്‍ ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ പൊതുജനങ്ങളുടെ ഏകദേശം 40,000 കോടി രൂപ ചെലവഴിക്കുമെന്ന് ഒരു സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് ഇതാദ്യമാണെന്നും ഇതാണ് എന്‍.ഡി.എയ്ക്ക് ഇത്രയും വലിയ ഭൂരിപക്ഷം നേടാന്‍ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ നിയമസഭാ മണ്ഡലത്തിലും 60,000 വോട്ടുകള്‍ 10,000 രൂപയ്ക്ക് വാങ്ങി. ഈ പണകൈമാറ്റം വോട്ട് വാങ്ങലാണോ അതോ യഥാര്‍ത്ഥ ക്ഷേമ നടപടിയാണോ എന്ന് വ്യക്തമാക്കണമെന്നും കിഷോര്‍ ആവശ്യപ്പെട്ടു. എങ്കിലും, ആളുകള്‍ 10,000 രൂപയ്ക്ക് വോട്ട് വില്‍ക്കുന്നു എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് കിഷോര്‍ പറഞ്ഞു. എന്നാല്‍, ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ പൊതുവികാരത്തെ സ്വാധീനിച്ചുവെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ആദ്യ മത്സരത്തില്‍ ഒരൊറ്റ സീറ്റിലും വിജയിക്കാന്‍ കഴിയാതിരുന്ന പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം പ്രശാന്ത് കിഷോര്‍ ഏറ്റെടുത്തു. എങ്കിലും ഈ തിരിച്ചടി താല്‍ക്കാലികമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്നത്തേത് തീര്‍ച്ചയായും ഒരു തിരിച്ചടിയാണ്, പക്ഷേ, ഭാവിയില്‍ ഞങ്ങളുടെ വിജയം തീര്‍ച്ചയായും വരും. മൂന്ന് വര്‍ഷം ഞങ്ങള്‍ നടത്തിയ കഠിനാധ്വാനം ഇനി ഇരട്ടി ശക്തിയോടെ തുടരും. ഞങ്ങള്‍ തെറ്റുകള്‍ ചെയ്തിരിക്കാം. പക്ഷേ, ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുകയോ നിഷ്‌കളങ്കരായ ജനങ്ങളുടെ വോട്ട് വിലയ്ക്ക് വാങ്ങുകയോ ചെയ്യുന്ന കുറ്റം ഞങ്ങള്‍ ചെയ്തിട്ടില്ല' - പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാറില്‍ എന്‍ഡിഎയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കുന്നത് തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന എന്ന പദ്ധതിയാണെന്നാണ് വിലയിരുത്തല്‍. ഒരു കുടുംബത്തിലെ ഒരു സ്ത്രീയെ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ സഹായിക്കുന്നതിലൂടെ വനിതാ തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഈ പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് ജോലി ആരംഭിക്കുന്നതിനായി ആദ്യ ഗഡുവായി 10,000 രൂപ ലഭിക്കുന്നു. സംരംഭത്തിന്റെ പുരോഗതിയും നിലനില്‍പ്പും വിലയിരുത്തിയ ശേഷം, ആവശ്യാനുസരണം രണ്ടുലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായം നല്‍കുമെന്നാണ് വാഗ്ധാനം.
ഈ വാഗ്ധാനം പാലിച്ചില്ലെങ്കില്‍ സ്ത്രീകളെ സഹായിക്കാനായി പ്രശാന്ത് കിഷോര്‍ ഹെല്‍പ് ലൈനും തുടങ്ങിയിട്ടുണ്ട്. 'അടുത്ത ആറ് മാസത്തിനുള്ളില്‍ വാഗ്ദാനം ചെയ്ത അധിക രണ്ടു ലക്ഷം രൂപ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെങ്കില്‍, അവര്‍ക്ക് എന്നെ സമീപിക്കാം. അവരുടെ ശബ്ദം ഉയര്‍ത്താന്‍ ഞാന്‍ അവരോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളിലേക്കും ബ്ലോക്ക് ഓഫീസുകളിലേക്കും ആവശ്യമെങ്കില്‍ നിതീഷ് കുമാറിന്റെ അടുത്തേക്കും പോകും.' അദ്ദേഹം പറഞ്ഞു.
Content Highlights: Prashant Kishor dares Bihar govt to fulfill its promise of ₹2 lakh for 1.5 crore women entrepreneurs. If they succeed, he`ll quit politics. Learn more about the controversial scheme.
Published: 18 Nov 2025, 06:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented