
എജിപുര മേല്‍പ്പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു | Photo: x/ @BBMPCOMM
എട്ട് വര്‍ഷം മുമ്പാണ് ബെംഗളൂരുവിലെ ഇജിപുര ഫ്‌ളൈഓവര്‍ നിര്‍മാണം തുടങ്ങിയത്. കോറമംഗല പ്രദേശത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടാണ് ഈ ഫ്‌ളൈഓവറിനെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴും ഇതിന്റെ നിര്‍മാണം എവിടേയും എത്തിയിട്ടില്ല.
ഈ മെല്ലപ്പോക്കിനെ പരിഹസിച്ച് ഒരു യുവതി എക്‌സില്‍ പങ്കുവെച്ച കുറിപ്പ് ആളുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷമായി. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കോറമംഗലയിലേക്ക് താമസം മാറിയതെന്നും അന്ന് തുടങ്ങിയതാണ് ഇതിന്റെ നിര്‍മാണെമെന്നും ഇപ്പോള്‍ എട്ടു വയസുകാരനായ മകന്‍ രണ്ടാം ക്ലാസിലാണ് പഠിക്കുന്നതെന്നും അവര്‍ കുറിച്ചു.
മേല്‍പ്പാലത്തെ ഒരു 'ചരിത്ര സ്മാരകം' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള സംരഭകനും എഴുത്തുകാരനുമായ വരുണ്‍ അഗര്‍വാളിന്റെ ആക്ഷേപഹാസ്യപരമായ പോസ്റ്റിനുള്ള രസകരമായ മറുപടിയായിരുന്നു യുവതിയുടെ കുറിപ്പ്. 'ഇജിപുര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ഒടുവില്‍ പുനരാരംഭിച്ചിരിക്കുന്നു. ബെംഗളൂരുവിന് മാത്രമല്ല, ഈ ചരിത്ര സ്മാരകത്തോടൊപ്പം വളര്‍ന്നുവന്ന നമുക്കും ഇതൊരു ചരിത്ര ദിനമാണ്. നമ്മുടെ പൂര്‍വ്വികര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ് ഇതിന്റെ പണി തുടങ്ങിയത്' എന്നായിരുന്നു വരുണ്‍ എക്‌സില്‍ കുറിച്ചത്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അനുകൂലിച്ച് കമന്റ് ചെയ്തത്. പലരും പരിഹസരൂപത്തിലാണ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. നിങ്ങളുടെ പേരക്കുട്ടി രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടക്കുന്ന ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നു എന്നാണ് ഒരാള്‍ കുറിച്ചത്. 'നിങ്ങളുടെ മകന്റെ വിവാഹത്തിനായി കാത്തിരിക്കുക. ഒരുപക്ഷേ അവന്റെ വിവാഹഘോഷയാത്രയ്ക്കും ഈ പൂര്‍ത്തിയാകാത്ത നിര്‍മാണത്തിനും ചരിത്രപരമായ അത്ഭുത പാലത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം' എന്നും ചിലര്‍ കമന്റ് ചെയ്തു.
2017 മുതലാണ് ഈ മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. തുടക്കത്തില്‍ സിംപ്ലക്‌സ് ഇന്‍ഫ്രാസ്ട്രക്ചറിന് നല്‍കിയ കരാര്‍ 2022-ല്‍ റദ്ദാക്കുമ്പോള്‍ 42.8% പണി മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. പിന്നീട് 2023 നവംബറില്‍ ബിഎസ്സിപിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പദ്ധതി ഏറ്റെടുത്തു. 2026 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
Content Highlights: bengaluru womans hilarious ejipura flyover saga goes viral
Published: 16 Oct 2025, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented