സിനിമയിലെ മനോഹര ദൃശ്യങ്ങൾക്കും താരങ്ങളുടെ തിളങ്ങുന്ന ചിരിയ്്ക്കുമപ്പുറം, ഇന്ത്യൻ സിനിമാ ലോകത്ത് അതിരൂക്ഷമായ ഒരു നിഴൽയുദ്ധം നടക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്ത് കോടികൾ എറിയുന്ന 'ഓൺലൈൻ ക്വട്ടേഷനു’കളാണവ. ഒരു സിനിമയെ പരാജയപ്പെടുത്തുന്നത് തുടങ്ങി ഒരു താരത്തിന്റെ വർഷങ്ങളുടെ കഠിനാധ്വാനവും പ്രതിച്ഛായയും ഒറ്റരാത്രികൊണ്ട് തകർത്തുകളയുന്ന പെയ്ഡ് ട്രോളിംഗിന്റെയും നെഗറ്റീവ് പി.ആർ ഏജൻസികളുടെയും ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബോളിവുഡിൽ തുടങ്ങി തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമാ വ്യവസായങ്ങളിലേക്കും പടർന്നുപന്തലിച്ച ഈ 'ഡിജിറ്റൽ മാഫിയ' എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, കോടികൾ എറിഞ്ഞ് താരങ്ങളെയും സിനിമകളെയും എങ്ങനെയാണ് ഇവർ തകർക്കുന്നതെന്നും അറിയാം.

To advertise here,

ബോളിവുഡിലെ പി.ആർ യുദ്ധങ്ങൾ

ബോളിവുഡിൽ പെയ്ഡ് ട്രോളിംഗ് എന്നത് ഇന്ന് വെറുമൊരു വ്യക്തിവൈരാഗ്യമല്ല, മറിച്ച് തന്ത്രപരമായി ആസൂത്രണം ചെയ്ത ഒരു വൻകിട ബിസിനസ്സാണ്. ഒരു പുതിയ സിനിമ റിലീസ് ചെയ്യുന്നതിന് ആഴ്ചകൾക്ക് മുൻപ് തന്നെ അതിനെതിരെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് തരംഗം സൃഷ്ടിക്കാൻ ലക്ഷക്കണക്കിന് രൂപയാണ് എതിരാളികൾ ഒഴുക്കുന്നത്. എക്‌സ് (ട്വിറ്റർ), ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ കേന്ദ്രീകരിച്ച് ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകളും പെയ്ഡ് ഇൻഫ്‌ളുവൻസർമാരും സജീവമാകുന്ന പോരാട്ടക്കളമാണത്.

ചില വൻകിട പി.ആർ ഏജൻസികൾ നൽകാറുള്ള പ്രധാന സേവനങ്ങൾ ഇവയാണ്-ബഹിഷ്‌കരണ ക്യാമ്പയിനുകൾ: ട്രെൻഡിംഗ് ഹാഷ്ടാഗുകൾ നിർമ്മിച്ച് ബോധപൂർവ്വം ആളുകളിൽ വിദ്വേഷം വളർത്തുന്ന രീതി അവരുണ്ടാക്കുന്നു.

ഫേക്ക് റിവ്യൂ നൽകുന്ന രീതി: ബുക്ക്മൈഷോ, ഐ.എം.ഡി.ബി തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാതെ തന്നെ 1-സ്റ്റാർ റേറ്റിംഗുകൾ നൽകി സ്‌കോർ കുറയ്ക്കുക. താരങ്ങളുടെ കുടുംബത്തെയോ പഴയ അഭിമുഖങ്ങളെയോ വച്ചുകൊണ്ട് അടിസ്ഥാനരഹിതമായ വിവാദങ്ങൾ ഉണ്ടാക്കുകയും അതിലൂടെ വ്യക്തിഹത്യയും ബോഡി ഷെയ്മിംഗും ചെയ്യുന്ന രീതി. ഇതെല്ലാം ഒരു സിനിമയുടെയോ താരത്തിന്റെയോ വളർച്ചയെ തടയും. പെയ്ഡ് ട്രോളിംഗ് ഇന്ന് രാഷ്ട്രീയ പ്രചാരണങ്ങൾ പോലെ തന്നെ കൃത്യമായൊരു ബിസിനസ് മോഡലാണ്. ആക്രമണത്തിന്റെ സ്വഭാവത്തിനും വ്യാപ്തിക്കും അനുസരിച്ച് ഏജൻസികൾ ഈടാക്കുന്ന തുക. ഒരു മുൻനിര താരത്തിന്റെ ചിത്രത്തിന്റെ വിജയം തടയാനോ അല്ലെങ്കിൽ ഒരു നവാഗതന്റെ കരിയർ വളർച്ച മുളയിലേ നുള്ളാനോ 50 ലക്ഷം മുതൽ അഞ്ചു കോടി രൂപ വരെയാണ് ഇത്തരത്തിലുള്ള 'ബ്ലാക്ക് പി.ആർ' ഏജൻസികൾ കൈപ്പറ്റുന്നത്.

ഇന്ന് ഒരു ബോളിവുഡ് സിനിമയുടെ ബജറ്റ് നിശ്ചയിക്കുമ്പോൾ തന്നെ ഓർഗനൈസ്ഡ് ട്രോളിംഗിനും ORM ഏജൻസികൾക്കുമായി (online reputation agencies) തുക മാറ്റിവെക്കേണ്ട അവസ്ഥയാണുള്ളത്. പണം കൊടുത്ത് പെയ്ഡ് ട്രോളിംഗ് നടത്തിയില്ലെങ്കിൽ പോലും, എതിരാളികൾ വിദ്വേഷ പ്രചാരണം നടത്തിയാൽ അതിനെ പ്രതിരോധിക്കാൻ ഒരു ORM ഏജൻസിയുടെ സഹായം അത്യാവശ്യമാണെന്നതാണ് സത്യം.

സോഷ്യൽ മീഡിയ വന്നതോടെ അതിർവരമ്പില്ലാത്ത ആക്രമണങ്ങളാണ് നടക്കുന്നത്. അജ്ഞാത അക്കൗണ്ടുകൾ മറയാക്കി താരങ്ങളുടെ വ്യാജ വാർത്തകൾ ഇവർ പ്രചരിപ്പിക്കുന്നു.

ഈ ഡിജിറ്റൽ യുദ്ധത്തിൽ മുൻനിര താരങ്ങളും ഉൾപ്പെടുന്നുണ്ട്. ഈ വർഷം ആലിയാ ഭട്ടിനെതിരെ വലിയ രീതിയിലുള്ള പെയ്ഡ് ട്രോളിംഗ് നടന്നു. പ്രത്യേകിച്ച് ശിവ് റവൈൽ സംവിധാനം ചെയ്ത 'ആൽഫ' എന്ന സ്‌പൈ ത്രില്ലർ ചിത്രത്തിന് ശേഷം. ഇൻഡസ്ട്രിയിലെ മറ്റ് മൂന്ന് മുൻനിര നടിമാരുടെ പി.ആർ ഏജൻസികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സംശയിക്കുന്നു. 2022-ൽ പുറത്തിറങ്ങിയ ആമിർ ഖാന്റെ 'ലാൽ സിംഗ് ഛദ്ദ' എന്ന ചിത്രത്തിനെതിരെ നടന്ന ബഹിഷ്‌കരണ ആഹ്വാനങ്ങൾക്ക് പിന്നിലും, അടുത്തിടെ പുറത്തിറങ്ങിയ 'ധുരന്ധർ' എന്ന ചിത്രത്തിന് അനുകൂലമായി നടന്ന പ്രചാരണങ്ങൾക്ക് പിന്നിലും വൻകിട പെയ്ഡ് ട്രോൾ ഫാമുകളായിരുന്നു. ജിയോ ബേബിയുടെ മലയാള ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സിനിമയുടെ ഹിന്ദി റീമേക്കായ 'മിസിസ്' പുറത്തിറങ്ങിയപ്പോൾ അതിനെതിരെയും വലിയ രീതിയിലുള്ള ആസൂത്രിത ട്രോളിംഗ് നടന്നതായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് അനു സിംഗ് വെളിപ്പെടുത്തിയിരുന്നു. നടൻ അൻഷുമാൻ ഝായുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിപ്പിച്ചതും, കാർത്തിക് ആര്യനെതിരെ വ്യാജ ഗോസിപ്പുകൾ പ്രചരിപ്പിച്ചതുമെല്ലാം ഇത്തരം ഏജൻസികളുടെ പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങളാണ്. യഥാർത്ഥ ആളുകളെ വച്ച് നടത്തുന്ന 'ഹ്യൂമൻ ട്രോൾ ഫാമുകൾക്ക്' ചെലവ് കൂടുതലാണ്. അതിനാൽ ബോട്ടുകൾ, ക്ലിക്ക് ഫാമുകൾ, വ്യാജ പ്രൊഫൈലുകൾ, മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റുകൾ എന്നിവയാണ് കൂടുതലായും ഇവർ ഉപയോഗിക്കുന്നത്. ഫോട്ടോകളോ യഥാർത്ഥ പേരുകളോ ഇല്ലാത്ത ഇത്തരം ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ഒരു പ്രത്യേക വിഷയത്തെ മിനിറ്റുകൾക്കുള്ളിൽ ട്രെൻഡിംഗ് ആക്കുന്നു. ഇതാണ് പിന്നീട് യഥാർത്ഥ പ്രേക്ഷകരുടെ അഭിപ്രായമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്.

ടോളിവുഡിലെയും കോളിവുഡിലെയും 'ഫാൻ പവർ' ചൂഷണം

ദക്ഷിണേന്ത്യൻ സിനിമയിലേക്ക് വരുമ്പോൾ, പ്രത്യേകിച്ച് തെലുങ്ക് , തമിഴ് സിനിമാ വ്യവസായങ്ങളിൽ, ഈ പെയ്ഡ് ട്രോളിംഗ് കൂടുതൽ അപകടകരമായ തലങ്ങളിലേക്ക് വളർന്നിരിക്കുന്നു. അവിടെ ഫാൻസ് ക്ലബ്ബുകളും താരങ്ങൾ തമ്മിലുള്ള മത്സരവുമാണ് പ്രധാനമായും മുതലെടുക്കപ്പെടുന്നത്. ആന്ധ്രയിലും തെലങ്കാനയിലും വൻകിട മാസ് ഹീറോകളുടെ റിലീസ് സമയത്ത് ഫാൻസ് അക്കൗണ്ടുകൾക്ക് പ്രതിഫലം നൽകി എതിർതാരത്തിന്റെ സിനിമകൾക്കെതിരെ വ്യാപകമായി വ്യാജ ബോക്‌സ് ഓഫീസ് കണക്കുകളും ട്രോളുകളും പ്രചരിപ്പിക്കുന്നു. മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്ക് റിലീസ് ദിനത്തിൽ തന്നെ ഡിസാസ്റ്റർ ടാഗുകൾ നൽകാൻ വൻതുകയാണ് ചെലവഴിക്കുന്നത്. വിജയ്-അജിത്ത്, അല്ലെങ്കിൽ കമൽ-രജനി ഫാൻസിനെ അടിസ്ഥാനമാക്കി ഡിജിറ്റൽ ഏജൻസികൾ സൈബർ ഇടങ്ങളിൽ മനഃപൂർവ്വം ചേരിതിരിവ് സൃഷ്ടിക്കുന്നു. യൂട്യൂബ് സിനിമാ റിവ്യൂവർമാർക്കും ഇൻഫ്‌ളുവൻസർമാർക്കും പണം നൽകി നെഗറ്റീവ് അഭിപ്രായങ്ങൾ പറയിപ്പിക്കുന്ന പ്രവണത തമിഴകത്ത് സർവ്വസാധാരണമാണ്.

മോളിവുഡും 'റിവ്യൂ ബോംബിംഗും'

ഒരുകാലത്ത് ഇത്തരം വിവാദങ്ങളിൽ നിന്ന് മാറിനിന്നിരുന്ന മലയാള സിനിമാ മേഖലയും ഇപ്പോൾ ഈ ദുരവസ്ഥയ്ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ 'റിവ്യൂ ബോംബിംഗ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രവണത സമീപകാലത്ത് വലിയ നിയമപോരാട്ടങ്ങൾക്ക് പോലും വഴിവെച്ചിരുന്നു. ചെറിയ ബജറ്റിൽ എത്തുന്ന നല്ല സിനിമകളെപ്പോലും ആദ്യ ഷോ കഴിയുന്നതിന് മുൻപ് തന്നെ വ്േളാഗർമാരും ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും ചേർന്ന് ഹീനമായി ആക്രമിക്കുന്ന രീതി മലയാളത്തിലുമുണ്ട്. ഇതേത്തുടർന്ന്, സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ കോടതി ഇടപെട്ട് ഓൺലൈൻ റിവ്യൂകൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം വരെ കേരളത്തിലുണ്ടായി. വലിയ താരങ്ങളുടെ സിനിമകൾ വരുമ്പോൾ വാട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ വഴി പെയ്ഡ് ഹാഷ്ടാഗുകൾ പ്രചരിപ്പിക്കുന്നത് ഇവിടുത്തെയും സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു.

വെള്ളിത്തിരയെ വിഴുങ്ങുന്ന ഡിജിറ്റൽ വിഷം

സോഷ്യൽ മീഡിയ ഏതൊരു സിനിമയുടെയും ജയപരാജയങ്ങളെ നിർണ്ണയിക്കുന്ന പ്രധാന ഘടകമായി മാറിയതോടെയാണ് ഈ പ്രവണതയും വളർന്നത്. സിനിമയുടെ യഥാർത്ഥ ഗുണനിലവാരം നോക്കാതെ, പണം നൽകി നിർമ്മിക്കുന്ന കൃത്രിമ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ പ്രേക്ഷകർ തിയേറ്ററുകളിൽ നിന്ന് അകലുന്നത് സിനിമാ മേഖലയ്ക്ക് മൊത്തത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. താരങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിനപ്പുറം, വ്യക്തിപരമായ വൈരാഗ്യങ്ങൾ തീർക്കാനും വിപണി കീഴടക്കാനും കോടികൾ എറിഞ്ഞ് നടത്തുന്ന ഈ ഡിജിറ്റൽ ക്വട്ടേഷനുകൾ സിനിമാ വ്യവസായത്തിന്റെ സുതാര്യതയെയും നിലനിൽപ്പിനെയും തന്നെയാണ് ചോദ്യം ചെയ്യുന്നത്.