ലയാളത്തിലും തമിഴിലും ഒരുപോലെ തന്റേതായ ഇടം കണ്ടെത്തിയ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അഭിനേത്രി എന്ന നിലയിൽ തിളങ്ങുമ്പോഴും പലപ്പോഴും താരം വാർത്തകളിൽ നിറയാറുള്ളത് പൊതുവേദികളിലെ വസ്ത്രധാരണത്തിന്റെ പേരിലാണ്. വെസ്റ്റേൺ, ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ചെത്തിയതിന്റെ പേരിൽ മുൻപും പല തവണ കടുത്ത സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും ഐശ്വര്യ ഇരയായിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന ഇത്തരം വസ്ത്രധാരണ വിവാദങ്ങളിലും ട്രോളുകളിലും തുറന്ന പ്രതികരണം നടത്തിയിരിക്കുകയാണ് താരം. അടുത്തിയിടെ നൽകിയ അഭിമുഖത്തിലാണ് അവർ പൊതുപരിപാടികളിൽ താൻ ധരിച്ച ചില വസ്ത്രങ്ങളെക്കുറിച്ചും അതിന് പിന്നിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും തികച്ചും തുറന്ന മനസ്സോടെസംസാരിച്ചത്.

To advertise here,

താൻ ധരിച്ച ഒരു പ്രത്യേക വസ്ത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന ട്രോളുകളെക്കുറിച്ചുള്ള ചോദ്യത്തോട് താരം പ്രതികരിച്ചു. തുടർച്ചയായി ഏഴെട്ട് ദിവസത്തെ നൈറ്റ് ഷൂട്ടുകൾക്ക് ശേഷമാണ് താൻ ആ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.ആ വസ്ത്രം കണ്ടപ്പോൾ കുളിച്ചിട്ട് പകുതിയിൽ വെച്ച് വേഗത്തിൽ ഇറങ്ങി വന്ന് ഡ്രസ്സ് ചെയ്തതാണോ എന്ന് പലരും ചോദിച്ചു. സത്യം പറഞ്ഞാൽ അത് തന്നെയാണ് അന്ന് സംഭവിച്ചതും,' ഐശ്വര്യ തമാശയോടെ ഓർത്തെടുക്കുന്നു. അതൊരു ഫാഷൻ ട്രാജഡിയായിരുന്നു. വസ്ത്രത്തിൽ മാറ്റങ്ങൾ വരുത്താൻ സ്‌റ്റൈലിസ്റ്റും സുഹൃത്തുക്കളും മാനേജർമാരുമെല്ലാം നിർദ്ദേശിച്ചിരുന്നു. ഹെയർസ്‌റ്റൈൽ മാറ്റാനും ആഭരണങ്ങൾ മാറ്റാനും അവർ ആവശ്യപ്പെട്ടിരുന്നെങ്കിലും, സ്വന്തം ഇഷ്ടപ്രകാരമാണ് താൻ ആ ലുക്ക് തിരഞ്ഞെടുത്തതെന്ന് ഐശ്വര്യ തുറന്നുപറഞ്ഞു. എന്നാൽ ഇതൊന്നും വിശദീകരണമല്ലെന്നും ഞാൻ എന്ത് ധരിക്കുന്നു എന്നാർക്കും വിശദീകരണം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ നിലപാടും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ട്രോൾ ലഭിച്ച വസ്ത്രത്തെക്കുറിച്ച് പറയാനുള്ളത് തനിക്ക് പറ്റിയൊരു അമളിയായിട്ടാണ് ഐശ്വര്യ പറയുന്നത്.

'ആ ഡ്രസ്സിന്റെ കാര്യത്തിൽ സംഭവിച്ച പിഴവ് പിന്നീട് തനിക്ക് തന്നെ മനസ്സിലായിരുന്നു. പക്ഷേ ഇത് പുതിയ ഫാഷനാണ്, ഇത് നന്നാവും എന്നൊരു വിശ്വാസത്തിലാണ് ഞാൻ അത് ധരിച്ച് മുന്നോട്ടുപോയത്. അത് ശരിക്കും ഒരു ഫാഷൻ ട്രാജഡിയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി,' താരം പറയുന്നു. വസ്ത്രത്തിലെ കട്ട്-ഔട്ടുകളും ഡിസൈനുകളും വിചാരിച്ചതിനേക്കാൾ മാറ്റം വരുത്തിയത് അറിഞ്ഞില്ലെന്നും, ആ വസ്ത്രം സുഹൃത്തുക്കൾക്കും തനിക്കും ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ പരിപാടിയിലെത്തിക്കഴിഞ്ഞപ്പോഴാണ് താൻ പാരീസിലല്ല പഴവങ്ങാടിയിലാണ് എന്ന കാര്യം ഓർമ്മ വന്നത്. അവിടെയുള്ള ക്യാമറകൾ എന്റെ മുഖത്തിന് പകരം ശരീരഭാഗങ്ങളിലേയ്ക്ക് ഫോക്കസ് ചെയ്തു, അതെനിക്ക് അസ്വസ്ഥതയുണ്ടാക്കി. നമ്മൾ അസ്വസ്ഥരാകുമ്പോൾ നമ്മുടെ ശരീരഭാഷയും മാറും. അപ്പോളാണ് ഞാൻ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചത്. അതും ബോധം വന്നു മറയ്ക്കാൻ ശ്രമിക്കുകയാണെന്നൊക്കെ കമന്റുകൾ വന്നു. ആ ഡ്രസിൽ എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ നിങ്ങളുടെ കണ്ണുകൾ തിരയുന്നതെന്താണെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. കമന്റുകളൊക്കെ ഞാൻ കണ്ടിരുന്നുവെന്നും അവർ പറയുന്നു.

സംസ്‌കാരം വസ്ത്രത്തിലല്ല

തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെയും ചോയ്സുകളെയും കുറിച്ച് സംസാരിക്കുമ്പോൾ കടുത്ത നിലപാട് തന്നെയാണ് ഐശ്വര്യ പങ്കുവെക്കുന്നത്. ഒരു വ്യക്തിയുടെ സംസ്‌കാരമോ വ്യക്തിത്വമോ അളക്കേണ്ടത് അവർ ധരിക്കുന്ന വസ്ത്രത്തെ നോക്കിയല്ല എന്ന് താരം ഊന്നിപ്പറയുന്നു. ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ് സംസ്‌കാരമെന്നും അവർ പറഞ്ഞു. മുൻപും പൊതുവേദികളിൽ ഗ്ലാമറസ് വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ ഐശ്വര്യക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ചെന്നൈയിലും മറ്റും നടന്ന ഉദ്ഘാടന ചടങ്ങുകളിൽ താരം ധരിച്ച വസ്ത്രങ്ങൾ അനാവശ്യ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. എന്നാൽ അത്തരം അനാവശ്യ കമന്റുകൾക്കോ സൈബർ ആക്രമണങ്ങൾക്കോ താൻ വലിയ പ്രാധാന്യം നൽകുന്നില്ലെന്ന് താരം വ്യക്തമാക്കി.