ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാതയുടെ നിര്‍മാണം വരുന്ന മാര്‍ച്ചില്‍ പൂര്‍ത്തിയാകും. ഇതോടെ, ഇരുനഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം മൂന്ന് മണിക്കൂറായി ചുരുങ്ങും.

To advertise here,

നിലവില്‍ ഇത് ആറ്-ഏഴ് മണിക്കൂറാണ്. യാത്രാസമയം പകുതിയായി കുറയുന്നതോടെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഗതാഗതച്ചെലവും കുറയും. 263.4 കിലോമീറ്റര്‍ ദൂരമുള്ള പാത 15,188 കോടി രൂപ ചെലവാക്കിയാണ് നിര്‍മിക്കുന്നത്.

രണ്ടുവര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് സ്ഥലമേറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങളിലെ തടസ്സങ്ങള്‍ കാരണം വൈകിയത്. ഈവര്‍ഷം ഡിസംബറിനും വരുന്ന മാര്‍ച്ചിനും ഇടയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരിക്കുന്നത്. കര്‍ണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ 100 കിലോമീറ്റര്‍ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ 90 ശതമാനവും ജനുവരിയോടെ പൂര്‍ത്തിയാകും.

തമിഴ്നാട്ടിലെ വാലാജപേട്ട് മുതല്‍ ആന്ധ്രയിലെ ഗുഡിപാള വരെയുള്ള ഭാഗത്തെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകും. ബെംഗളൂരു മുതല്‍ ആന്ധ്രയിലെ ബദമംഗല വരെയുള്ള 72 കിലോമീറ്റര്‍ ഡിസംബറോടെയും പൂര്‍ത്തിയാകും. തമിഴ്നാട്ടിലെ ആര്‍ക്കോണം-ശ്രീപെരുംപുദൂര്‍ ഭാഗത്ത് അടുത്തവര്‍ഷം ആദ്യം പണികള്‍ തീരും. പിന്നീട് ആന്ധ്രയില്‍ ബാക്കിയുള്ള ഭാഗത്തെ പാതയുടെ നിര്‍മാണവും പൂര്‍ത്തിയാകുന്നതോടെ അതിവേഗപാത യാഥാര്‍ഥ്യമാകും.