ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്താനും അത് നിലനിർത്താനും വിദേശ സഹായം തേടിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിഘടനവാദികൾ ഇന്ത്യൻ പതാക ഉയർത്തുന്നതിനും മൗലികവാദികൾ മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്നതിനും തുല്യമാണെന്ന് റിജിജു പരിഹസിച്ചു. രാഹുൽ ഗാന്ധി ഇന്ത്യയുടെ ശത്രുക്കളുടെ അജണ്ടയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. മറ്റുള്ളവർ വിദേശ സഹായം കൈപ്പറ്റുന്നുവെന്ന് രാഹുൽ ആരോപിക്കുന്നത് സ്വയം പരിഹാസ്യനാകുന്നതിന് തുല്യമാണെന്നും റിജിജു ആരോപിച്ചു.
ഗുജറാത്ത് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്തിനെതിരെ നടത്തിയ വിമർശനങ്ങളാണ് പുതിയ രാഷ്ട്രീയ പോരിന് തുടക്കമിട്ടത്. പ്രതിപക്ഷം ജനാധിപത്യത്തിലെ 'വിരോധ് പക്ഷം' (പ്രതിപക്ഷം) എന്നതിന് പകരം വികസനം തടസ്സപ്പെടുത്തുന്ന 'അവരോധ് പക്ഷം' ആയി മാറിയെന്നായിരുന്നു മോദിയുടെ ആരോപണം. വിദേശത്ത് പോയി രാജ്യവിരുദ്ധ ശക്തികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുന്നത് ആരാണെന്നും വ്യാജവാർത്തകളും അസത്യങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നത് ആരാണെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയായി നരേന്ദ്ര മോദി ഭരണത്തിലെത്തിയതും തുടരുന്നതും വിദേശ ശക്തികളുടെ പിന്തുണയോടെയാണെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. 'ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ വിദേശ ശക്തികളാൽ നിയന്ത്രിക്കപ്പെടുന്നതാണ്. വിദേശ സോഷ്യൽ മീഡിയ കമ്പനികൾ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. ആരാണ് വിദേശ സഹായം കൈപ്പറ്റിയതെന്ന വിഷയത്തിൽ പരസ്യമായ ഒരു സംവാദത്തിന് ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു' എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെ കിരൺ റിജിജു പരിഹസിച്ചു. പക്വതയുള്ള വ്യക്തികൾ തമ്മിലാണ് ഇത്തരം ഉയർന്ന തലത്തിലുള്ള സംവാദങ്ങൾ നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Rahul Gandhi accused PM Modi of taking foreign help to come to and stay in power., Union Minister Kiren Rijiju strongly condemned Rahul Gandhi's remarks, calling it an agenda of India's enemies., PM Modi earlier criticized the opposition for stalling development during his Gujarat visit., Rahul Gandhi challenged PM Modi for a public debate on foreign assistance.
Published: 03 Nov 2026, 06:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented