
പഞ്ച്കുള: ഹരിയാണയിലെ പഞ്ച്കുള സംസ്‌കൃത് മോഡൽ സ്‌കൂളിൽ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കെ.ജി. വിദ്യാർഥിനിയെ മൂന്നാം ക്ലാസുകാരൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണവുമായി ഇരയുടെ ബന്ധു രംഗത്ത്. സ്‌കൂളിലെ ക്ലാസ് മുറിയിൽ ആറുവയസുകാരിയെ ക്രൂരമായി ആക്രമിച്ച എട്ടുവയസുകാരന് അക്രമവാസനയുള്ള ഗെയിമുകൾ കളിക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് ഇരയുടെ അമ്മാവൻ ആരോപിച്ചു.
'ആക്രമണം നടത്തിയ കുട്ടി ക്രൂരവും അക്രമസ്വഭാവമുള്ളതുമായ ചില ഗെയിമുകൾ കളിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്... അവൻ പബ്ജി (PUBG) കളിച്ചിരുന്നു. ഈ പ്രവൃത്തികൾക്ക് കാരണം അവൻ പബ്ജിയും സമാനമായ മറ്റ് ഗെയിമുകളും കളിച്ചിരുന്നതാണെന്ന് അവന്റെ പിതാവും ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.' ആറുവയസുകാരിയുടെ അമ്മാവനായ ഫാസിൽ പറഞ്ഞു.
ഒക്ടോബർ 28-നാണ് സ്‌കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിയിൽവെച്ച് മൂന്നാം ക്ലാസ് വിദ്യാർഥി കെ.ജി. വിദ്യാർഥിനിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ പിതാവ് വന്നിട്ടുണ്ടെന്ന് നുണ പറഞ്ഞ് ആരുമില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇഷ്ടികയും പൂച്ചട്ടിയും അലുമിനിയും ഡസ്റ്റ്ബിന്നും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എട്ടുവയസുകാരൻ ഈ വസ്തുക്കൾ ഉപയോഗിച്ച് ആറുവയസുകാരിയുടെ തലയിലും ശരീരത്തിലും അടിക്കുന്നതും, തല പിടിച്ച് തുടർച്ചയായി ബെഞ്ചിലും ഡെസ്‌കിലും ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇളയ കുട്ടിയെ മുഷ്ടി ചുരുട്ടി ഇടിക്കുകയും താഴെയിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്. ശേഷം പുറത്തുപോയ മൂന്നാംക്ലാസുകാരൻ അരമണിക്കൂറിനുശേഷം വീണ്ടും തിരിച്ചുവന്ന് അക്രമം തുടരുകയായിരുന്നു.
വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഓട്ടോ ഡ്രൈവർ കുട്ടിയെ കാണാതായതോടെ പിതാവിനെ വിവരമറിയിച്ചു. അദ്ദേഹം ഉടൻതന്നെ സ്‌കൂളിലെത്തി. അക്രമിയായ മൂന്നാംക്ലാസുകാരൻ തന്നെയാണ് അദ്ദേഹത്തെ മകളെ കാണിച്ചുതരാം എന്നുപറഞ്ഞ് മുകളിലത്തെ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയത്. അവിടെ, രക്തത്തിൽ കുളിച്ച് ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് പിതാവ് കണ്ടത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആറിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടി സുഖം പ്രാപിച്ചുവരുന്നതായി അമ്മാവൻ വ്യക്തമാക്കി. 'കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മുമ്പത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി അവൾക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നത്. ഡോക്ടർമാർ അവളുടെ സ്ഥിതി വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്; അവർ കാര്യങ്ങളെല്ലാം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.' അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏകദേശം 40 മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് ബോധം വന്നത്. അക്രമിയായ കുട്ടി കെ.ജി. വിദ്യാർഥിനിയെ ഭ്രാന്തി എന്ന് വിളിച്ച് കളിയാക്കിയിരുന്നതായി അമ്മാവൻ പറഞ്ഞു. പെൺകുട്ടി അത് ചോദ്യം ചെയ്തപ്പോഴാണ്, അവളെ തന്ത്രപൂർവം ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി അതിക്രൂരമായി മർദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായി വീഴ്ചയാണ് ഉണ്ടെയതെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഴ്ച വരുത്തിയതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് രണ്ട് ജൂനിയർ ബേസിക് ട്രെയിനിംഗ് (JBT) അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഹരിയാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും (HSCPCR) സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് യാഥാർത്ഥ്യങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ഡിസ്ട്രിക്ട് എജ്യുക്കേഷൻ ഓഫീസറോട് ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹരിയാന സർക്കാർ അഞ്ചംഗ അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിൽ സമഗ്രമായ സുരക്ഷാ പരിശോധന (Safety Audit) നടത്തുമെന്നും സർക്കാർ അറിയിച്ചു.
വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന ആർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മഹിപാൽ ധണ്ട വ്യക്തമാക്കി. അക്രമം നടത്തിയ കുട്ടിക്ക് എട്ടുവയസ് മാത്രമാണ് പ്രായം എന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മാനസികാവസ്ഥ, വിദഗ്ധരെക്കൊണ്ട് വിലയിരുത്തുമെന്ന് പോലീസ് അറിയിച്ചു. മാനസികാരോഗ്യ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുട്ടിക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിക്കുക.
Content Highlights: A six-year-old KG student in Panchkula, Haryana, was brutally assaulted by an eight-year-old third-grade student, allegedly influenced by violent video games like PUBG, according to the victim's uncle. The incident, which occurred in an empty classroom, involved severe physical assault using various objects, leading to the victim being hospitalized in critical condition; the school management faces an FIR for negligence. The Haryana government has formed a five-member inquiry committee to investigate, and a comprehensive safety audit will be conducted in schools statewide; the accused child's mental state will be evaluated under the Juvenile Justice Act.
Published: 03 Nov 2026, 06:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented