മുംബൈ: ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്) ശാസ്ത്രജ്ഞന്‍ ചമഞ്ഞതിന്‌ അറസ്റ്റിലായ 60 കാരന്‍ വിദേശത്തേക്ക് ഇന്ത്യയുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തല്‍. ബാര്‍ക് ശാസ്ത്രജ്ഞനെന്ന വ്യാജേന രാജ്യത്തുടനീളം യാത്ര ചെയ്തതിനാണ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ സ്വദേശിയായ അക്തര്‍ ഹുസൈനി എന്നയാളെ മുംബൈ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 1995 മുതല്‍ വിദേശത്തുനിന്ന് പണം എത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യയുടെ സുപ്രധാന ആണവ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. 

To advertise here,

നിരവധി വ്യാജ പാസ്പോര്‍ട്ടുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ബാര്‍ക്കിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡുകളിലൊന്നില്‍ അലി റാസ ഹുസൈന്‍ എന്നും മറ്റൊന്നില്‍ അലക്‌സാണ്ടര്‍ പാമര്‍ എന്നുമാണ് ഇയാളുടെ പേര് രേഖപ്പെടുത്തിയിരുന്നത്. ഇയാളുടെ സഹോദരന്‍ ആദിലിനെയും ഡല്‍ഹിയില്‍ വെച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹുസൈനി സഹോദരന്മാര്‍ക്ക് 1995 മുതല്‍ വിദേശ സഹായം ലഭിച്ചുവന്നിരുന്നതായാണ് കണ്ടെത്തല്‍. തുടക്കത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്, എന്നാല്‍ 2000-ത്തിന് ശേഷം കോടികളാണ് എത്തിയത്‌. ബാര്‍ക്കുമായും മറ്റ് ആണവ നിലയങ്ങളുമായും ബന്ധപ്പെട്ട രഹസ്യ രൂപരേഖകള്‍ കൈമാറിയതിനാണ് ഈ പണം നല്‍കിയതെന്ന് സംശയിക്കുന്നു. അന്വേഷണത്തിനിടെ, അക്തര്‍ ഹുസൈനിയുടെ പേരിലുള്ള ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടും പോലീസ് കണ്ടെത്തി. ഇതില്‍ സംശയാസ്പദമായ ഇടപാടുകള്‍ നടന്നിട്ടുണ്ട്.

ഇരുവരും ഉപയോഗിച്ചിരുന്ന മറ്റ് നിരവധി ബാങ്ക് അക്കൗണ്ടുകളും ക്ലോസ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പണം അയച്ചതെവിടെ നിന്നാണ് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇരുവരും പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഐഎസ്‌ഐയുമായി ഇവര്‍ക്ക്‌ ബന്ധമുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. ഹുസൈനി മുഹമ്മദ് ആദില്‍, നസിമുദ്ദീന്‍ സയ്യിദ് ആദില്‍ ഹുസൈനി എന്നീ പേരുകളില്‍രണ്ട് വ്യാജ പാസ്പോര്‍ട്ടുകള്‍ ഇരുവര്‍ക്കുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 30 വര്‍ഷം മുന്‍പ് വിറ്റ ജംഷഡ്പൂരിലെ വീടിന്റെ വിലാസമാണ് പാസ്പോര്‍ട്ടുകളില്‍ നല്‍കിയിരുന്നത്. ഈ വ്യാജ രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ച് ഇരുവരും വിദേശയാത്രകള്‍ നടത്തിയതായി പോലീസ് സംശയിക്കുന്നു.