ന്യൂഡല്‍ഹി: പൊളിക്കല്‍ജോലികളുടെ പ്രതീകമായിട്ടുള്ള 'ജെ.സി.ബി.' ബുള്‍ഡോസര്‍ നിര്‍മാണക്കമ്പനി ഇന്ത്യയില്‍ സാഹിത്യപുരസ്‌കാരം നല്‍കുന്നത് കപടനാടകമാണെന്ന് പ്രമുഖ എഴുത്തുകാരുടെ തുറന്ന കത്ത്. ഇന്ത്യയിലും പലസ്തീനിലുമടക്കം ഭീതിപ്പെടുത്തുന്ന രീതിയില്‍ വീടുകള്‍ ഇടിച്ചുനിരത്തുന്നതില്‍ നിര്‍ണായക പങ്കാണ് ജെ.സി.ബിയുടെ ബുള്‍ഡോസറുകള്‍ക്കന്നും കത്തില്‍ ആരോപിക്കുന്നു. കെ. സച്ചിദാനന്ദന്‍, മീന കന്തസ്വാമി, ആസാദ് സെയ്ദി തുടങ്ങിയവരുള്‍പ്പെടെ നൂറിലേറെ സാഹിത്യകാരൻമാരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

To advertise here,

വിവിധ സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങളുടെ വീടുകളും കടകളും ആരാധനാലയങ്ങളും ഇടിച്ചുനിരത്താനുള്ള വ്യവസ്ഥാപിത പ്രചാരണോപാധിയായി ബി.ജെ.പി. സര്‍ക്കാര്‍ ജെ.സി.ബി. ബുള്‍ഡോസറിനെ ഉപയോഗിക്കുന്നു. പലസ്തീനിലെ വംശീയ ഉന്മൂലനത്തില്‍ ഇസ്രയേലിന്റെ ശ്രമങ്ങളിലും കശ്മീരിലെ ഇടിച്ചുനിരത്തലിലും ജെ.സി.ബി. നിര്‍ണായക പങ്കുവഹിക്കുന്നു. അരികുവത്കരിക്കപ്പെട്ടവരും വൈവിധ്യമുള്ളവരുമായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയ ജെ.സി.ബി, ശിക്ഷ എന്ന നിലയില്‍ അനേകരുടെ ജീവിതവും ഉപജീവനവും നശിപ്പിക്കുന്നതില്‍ കുറ്റകരമായ പങ്കാളിത്തം തുടരുന്നു. പുരസ്‌കാരത്തിന് ജെ.സി.ബിയുടെ കൈകളിലെ രക്തം കഴുകിക്കളയാന്‍ പറ്റില്ലെന്നും കത്തില്‍ പറയുന്നു.

ഒപ്പിട്ടതില്‍ പലസ്തീന്‍, ഇറാഖി എഴുത്തുകാരുമുമുണ്ട്. ജെ.സി.ബി. സാഹിത്യപുരസ്‌കാരജേതാവിനെ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് അതിനെതിരേ എഴുത്തുകാരുടെ രംഗപ്രവേശം. രാജ്യത്തെ ഏറ്റവുമുയര്‍ന്ന സമ്മാനത്തുക നല്‍കുന്ന സാഹിത്യപുരസ്‌കാരമാണ് ജെ.സി.ബിയുടേത്. 25 ലക്ഷം രൂപയാണ് സമ്മാനം.