ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ച പൂർത്തിയായതോടെ വിവിധ ഏജൻസികൾ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ പുറത്തുവിട്ടിരുന്നു. പ്രധാന ഏജൻസികളിലൊന്നായ ആക്‌സിസ് മൈ ഇന്ത്യ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എക്‌സിറ്റ്‌പോൾ ഫലം പുറത്തുവിട്ടെങ്കിലും പശ്ചിമ ബംഗാളിന്റേത് പുറത്തുവിട്ടിരുന്നില്ല. ബംഗാളിലെ എക്‌സിറ്റ്‌പോൾ ഫലം പുറത്തുവിടില്ലെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ ഏജൻസി. തങ്ങൾ സമീപിച്ചവരിൽ 70 ശതമാനത്തോളം പേരും പ്രതികരിക്കാൻ തയ്യാറാകാത്തതാണ് സർവേ ഫലം പുറത്തുവിടാതിരിക്കാൻ കാരണമായി ആക്‌സിസ് മൈ ഇന്ത്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ബംഗാളിലെ 294 മണ്ഡലങ്ങളിലും 16 യൂണിറ്റുകളിലായി 80 അംഗങ്ങളുള്ള സർവേ സംഘം പര്യടനം നടത്തിയിരുന്നു. 13,250-ൽ അധികം വോട്ടർമാരിൽ നിന്ന് അവർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയും ചെയ്തു. സർവേ അസാധാരണമായ വെല്ലുവിളി നേരിട്ടതായും ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.
സർവേയുടെ ഭാഗമായി സമീപിച്ച വോട്ടർമാരിൽ 70 ശതമാനത്തോളം പേർ പ്രതികരിക്കാൻ തയ്യാറായില്ല എന്നതാണ് കമ്പനി നേരിട്ട ഏറ്റവും വലിയ പ്രശ്‌നം. ഇത് സാധാരണ നിലയേക്കാൾ വളരെ ഉയർന്നതാണെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
വോട്ടർമാരുടെ ഈ നിസ്സഹകരണം ഫലങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ തീരുമാനിച്ചുവെന്നും പ്രദീപ് ഗുപ്ത അറിയിച്ചു.ഡാറ്റാ ക്വാളിറ്റിയും ശാസ്ത്രീയമായ വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അവർ വ്യക്തമാക്കുന്നു. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോൾഫലങ്ങളും ബംഗാളിൽ ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.
Content Highlights: Axis My India withheld West Bengal exit poll data due to a 70% non-response rate among voters., The survey team encountered unusual challenges while surveying 13,250 voters across 294 constituencies
Published: 30 Apr 2026, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented