മുംബൈ: രാജ്യത്ത് ചെറു നഗരങ്ങളിലെ എ.ടി.എമ്മുകളിൽ വ്യാപകമായി പ്രവർത്തനം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് എ.ടി.എം. ഇൻഡസ്ട്രി (സി.എ.ടി.എം.ഐ). കറൻസിയുടെ ലഭ്യത കുറയുന്നതാണ് ഇതിനു കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യൻ ബാങ്ക് അസോസിയേഷനും റിസർവ് ബാങ്കിനും ഇതുസംബന്ധിച്ച് കോൺഫെഡറേഷൻ കത്തുനൽകി. എ.ടി.എമ്മിൽ നിറയ്ക്കുന്നതിനായി ബാങ്ക് ശാഖകളിൽനിന്നും കറൻസി ചെസ്റ്റുകളിൽനിന്നും കറൻസി പിൻവലിക്കാൻ പല സംസ്ഥാനങ്ങളിലും ബുദ്ധിമുട്ടു നേരിടുന്നതായി ഇവർ പറയുന്നു. ഗ്രാമ-അർധനഗര മേഖലകളെയാണ് ഇത് അധികവും ബാധിച്ചിട്ടുള്ളത്.

To advertise here,

 

സി.എ.ടി.എം.ഐ. റിസർവ് ബാങ്കിന്റെ കറൻസി മാനേജ്മെന്റ് വകുപ്പിനെ അറിയിച്ചിരിക്കുന്ന കണക്കുകളനുസരിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശരാശരി 94,000 കോടി രൂപയുടെ കറൻസിയാണ് എ.ടി.എമ്മുകളിൽ നിറയ്ക്കാൻ ആവശ്യമായത്. എന്നാൽ, മാർച്ചിൽ 61,000 കോടിയും ഏപ്രിലിൽ 54,000 കോടിയുമാണ് ലഭിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. എ.ടി.എം. ഉത്പാദകർ, ഔട്ട്സോഴ്സിങ് കമ്പനികൾ, സ്വകാര്യ എ.ടി.എം. ഓപ്പറേറ്റർമാർ (വൈറ്റ് ലേബൽ എ.ടി.എം.), പേമെന്റ് സേവന കമ്പനികൾ, എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന ഏജൻസികൾ, പണം കൊണ്ടുപോകുന്ന കമ്പനികൾ, എ.ടി.എം. സുരക്ഷാ സേവന ദാതാക്കൾ തുടങ്ങിയവയുടെ കൂട്ടായ്മയാണ് സി.എ.ടി.എം.ഐ.യിൽ ഉൾപ്പെടുന്നത്.

ഓപ്പറേറ്റർമാരുടെ പ്രതിസന്ധി

ഇന്ധന വില കൂടിയതിനുപുറമേ പല സംസ്ഥാനങ്ങളിലും വേതനവർധന വന്നതും പ്രവർത്തനച്ചെലവു കൂട്ടി. എ.ടി.എം. ഇടപാടുകൾ കുറഞ്ഞുവരുന്നു. ഇത് മെഷീനുകളുടെ എണ്ണത്തിലും കുറവുണ്ടാക്കി. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിൽനിന്ന് പണം എടുക്കുമ്പോഴുള്ള ഇന്റർചേഞ്ച് ഫീസ് 19 രൂപയാണിപ്പോൾ. ഇത് കുറവാണെന്നാണ് മേഖലയിലെ കമ്പനികൾ പറയുന്നു. ഈ പ്രതിസന്ധികൾക്കിടെയാണ് കറൻസി ലഭ്യതയിലും കുറവു വന്നിരിക്കുന്നത്. മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് 100 കോടി രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നും സി.എ.ടി.എം.ഐ. പറയുന്നു.

ആർ.ബി.ഐ.യുടെ പ്രതിമാസ ബുള്ളറ്റിനിലെ കണക്കുകൾ പ്രകാരം മേയിൽ എ.ടി.എം. ഇടപാടുകൾ 44.65 കോടിയാണ്. 2025 മേയിലിത് 49.84 കോടിയായിരുന്നു. മൂല്യം മുൻവർഷത്തെ 2.64 ലക്ഷം കോടി രൂപയിൽനിന്ന് 2.5 ലക്ഷം കോടിയായും കുറഞ്ഞു. വിനിമയത്തിലുള്ള കറൻസി 42.54 ലക്ഷം കോടി രൂപയായി ഉയർന്നെങ്കിലും എ.ടി.എമ്മുകളിൽ നിറയ്ക്കാൻ പുറത്തുനിന്നുള്ള ഏജൻസികൾക്ക് ലഭിക്കുന്നില്ലെന്നതാണ് കോൺഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നത്.

വൻകിട നഗരങ്ങളിൽ എസ്.ബി.ഐ. കൂടുതലായി പണം നിറയ്ക്കാൻ തുടങ്ങിയതും ചെറുകിട ഓപ്പറേറ്റർമാരെ ബാധിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ എ.ടി.എമ്മുകളുള്ളത് എസ്.ബി.ഐ.ക്കാണ്. ഇതിൽ പകുതിയോളം എസ്.ബി.ഐ. തന്നെയാണ് പണം നിറയ്ക്കുന്നത്. ആകെ 65,000 എ.ടി.എമ്മുകളാണ് എസ്.ബി.ഐ.ക്കുള്ളത്.