ജയ്പുർ: കള്ളന്മാരെ ഭയന്ന് മണ്ണിൽ കുഴിച്ചിട്ട അഞ്ചു ലക്ഷം രൂപ ചിതലരിച്ചു. രാജസ്ഥാനിലെ ഒരു കർഷകനാണ് ഭൂമി വിറ്റ് കിട്ടിയ പണം ഇത്തരത്തിൽ നഷ്ടമായത്. സുരക്ഷിതമായിരിക്കാൻ ഒരു വർഷംമുമ്പ് മണ്ണിൽ ഒളിപ്പിച്ചു വെച്ച നോട്ടുകൾ തിരികെ ലഭിച്ചപ്പോഴേക്കും ചിതലരിച്ച് ഉപയോഗശൂന്യമായി മാറിയിരുന്നു.

To advertise here,

വീട് നിർമ്മിക്കുന്നതിനായാണ് തന്റെ കൈവശമുണ്ടായിരുന്ന സ്ഥലം വിറ്റ് കർഷകൻ അഞ്ചു ലക്ഷം രൂപ സമാഹരിച്ചത്. ഈ പണം അനാവശ്യമായി ചെലവഴിക്കാതിരിക്കാനും കള്ളന്മാർ മോഷ്ടിക്കാതിരിക്കാനുമായി കൃഷിയിടത്തിൽ ഇയാൾ കുഴിച്ചിടുകയായിരുന്നു. പണം ഒരു പ്ലാസ്റ്റിക് കവറിലാക്കിയാണ് കൃഷിയിടത്തിൽ കുഴിച്ചിട്ടത്.

എന്നാൽ, മദ്യപിക്കുന്ന ശീലവും മറവിയും കാരണം എവിടെയാണ് പണം കുഴിച്ചിട്ടതെന്ന് കൃത്യമായി ഓർത്തെടുക്കാൻ കർഷകന് കഴിഞ്ഞില്ല. പലതവണ തിരഞ്ഞിട്ടും പണം കണ്ടെത്താനാകാതെ വന്നതോടെ അദ്ദേഹം വിവരം കുടുംബത്തെ അറിയിച്ചു. തുടക്കത്തിൽ അവർ ഇക്കാര്യം വിശ്വസിക്കാൻ തയാറായില്ല. എന്നാൽ പിന്നീട് ഭാര്യയും മക്കളും ചേർന്ന് കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കുഴിച്ചു നോക്കിയെങ്കിലും അന്ന് പണം കണ്ടെത്താൻ സാധിച്ചിരുന്നില്ല.

ഒരു വർഷത്തിനുശേഷം, ഈ മഴക്കാലത്ത് കൃഷി ഇറക്കുന്നതിനായി നിലമൊരുക്കുന്നതിനിടെ ഒരു രാത്രിയിലാണ് പ്ലാസ്റ്റിക് കവർ മണ്ണിന് മുകളിലേക്ക് എത്തിയത്. പിറ്റേന്ന് രാവിലെ കൃഷിയിടത്തിലെത്തിയ കർഷകന്റെ ഭാര്യയും മകനുമാണ് കവർ കണ്ടെത്തിയത്. എന്നാൽ കവർ തുറന്നു നോക്കിയപ്പോൾ ലഭിച്ച നോട്ടുകൾ ചിതലരിച്ചിരുന്നു.

ഉപയോഗശൂന്യമായ നോട്ടുകളുമായി കുടുംബം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രദേശത്തെ ശാഖയിൽ എത്തിയെങ്കിലും നോട്ടുകളുടെ മോശം അവസ്ഥ കാരണം അവ മാറിക്കൊടുക്കാൻ ബാങ്ക് വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ജില്ലയിലെ പ്രധാന ബാങ്ക് ശാഖയെ സമീപിച്ചെങ്കിലും അവിടെനിന്നും സമാനമായ മറുപടിയാണ് ലഭിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.