ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ബിജെപിക്കും ഇ.ഡിക്കുമെതിരെ കോടതിയില്‍ ശക്തമായ ആരോപണവുമായി രംഗത്ത്. മദ്യനയവുമായി ബന്ധപ്പെട്ട യഥാര്‍ഥ അഴിമതി ആരംഭിച്ചത് ഇ.ഡി. അന്വേഷണത്തിന് ശേഷമാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ശരത് റെഡ്ഡിയില്‍ നിന്ന് ബി.ജെ.പി. 55 കോടി കൈപ്പറ്റിയെന്ന് കെജ്രിവാള്‍ ആരോപിച്ചു. എന്നാല്‍, ബി.ജെ.പിക്ക് ലഭിച്ച സംഭാവനയ്ക്ക് മദ്യ അഴിമതിയുമായി ഒരു ബന്ധവുമില്ലെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു.

To advertise here,

കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇന്ന് ഹാജരാക്കിയപ്പോഴാണ് കോടതിയോട് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ട നാലുപേരാണ് തനിക്കെതിരെ മൊഴി നല്‍കിയത്. മുഖ്യമന്ത്രിയെ അറസ്റ്റുചെയ്യാന്‍ വെറും നാലുപേരുടെ മൊഴി മാത്രം പര്യാപതമാണോയെന്ന് കെജ്രിവാള്‍ ആരാഞ്ഞു. ഈ നാലുപേരും ആദ്യം നല്‍കിയ മൊഴികളില്‍ തന്റെ പേര് ഇല്ലായിരുന്നു. എന്നാല്‍, പിന്നീട് ഇതില്‍ ചിലര്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞശേഷമാണ് തനിക്കെതിരെ മൊഴി നല്‍കിയത്. ഇത് ഇ.ഡിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന് കെജ്രിവാള്‍ ആരോപിച്ചു.

യഥാര്‍ഥ മദ്യനയ അഴിമതി ആരംഭിച്ചത് ഇ.ഡി. അന്വേഷണത്തിന് ശേഷമാണ്. കേസില്‍ അറസ്റ്റിലായ ശരത് ചന്ദ്ര റെഡ്ഡിയെ മാപ്പുസാക്ഷിയാക്കി. ബി.ജെ.പിക്ക് 55 കോടി സംഭാവന നല്‍കിയ ശേഷമാണ് റെഡ്ഡിയെ മാപ്പുസാക്ഷിയാക്കിയത്. ഇപ്പോഴും റെഡ്ഡിയും ബി.ജെ.പിയും തമ്മിലുള്ള പണ ഇടപാട് നടക്കുകയാണ്. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. എത്രദിവസം വേണമെങ്കിലും തന്നെ ഇ.ഡി. കസ്റ്റഡിയില്‍വെക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും കെജ്രിവാള്‍ കോടതിയെ അറിയിച്ചു.

ഒരു കോടതിയും തന്നെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ കോടതിയില്‍ വാദിച്ചു. സി.ബി.ഐ. 31,000 പേജുകളുള്ള റിപ്പോര്‍ട്ടാണ് ഫയല്‍ ചെയ്തത്. ഇ.ഡി. 25,000 പേജുകള്‍ ഉള്ള റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഇത് എല്ലാം കൂട്ടിവായിച്ചാലും തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസിലാകുന്നില്ലെന്ന് കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, കെജ്രിവാളിന്റെ ആരോപണങ്ങളെ ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു തള്ളി. ബിജെപിക്ക് ലഭിച്ച സംഭാവനയും മദ്യനയവും തമ്മില്‍ ഒരു ബന്ധവും ഇല്ല. മദ്യനയം തയ്യാറാക്കുന്നതില്‍ ബി.ജെ.പിക്ക് ഒരു പങ്കുമില്ല. ആരെങ്കിലും, ആര്‍ക്കെങ്കിലും സംഭാവന നല്‍കുന്നത് തങ്ങളുമായി ബന്ധപ്പെട്ട  വിഷയമല്ലെന്നും ഇ.ഡി. കോടതിയില്‍ വ്യക്തമാക്കി. 

ഗ്യാലറിക്കുവേണ്ടിയാണ് കെജ്‌രിവാള്‍ സംസാരിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കുറ്റപ്പെടുത്തി. ഹൈക്കോടതി തള്ളിയ കാര്യങ്ങളാണ് കെജ്രിവാള്‍ ഇപ്പോള്‍ വിചാരണ കോടതിയില്‍ ഉന്നയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. ഭാവനാ വിലാസത്തിലുള്ള കാര്യങ്ങളാണ് കെജ്രിവാള്‍ പറയുന്നത്. കെജ്രിവാള്‍ മുഖ്യമന്ത്രി ആയതുകൊണ്ട് അറസ്റ്റുചെയ്യാന്‍ പറ്റില്ലെന്ന നിലപാട് തെറ്റാണ്. നിയമത്തിന് മുന്നില്‍ മുഖ്യമന്ത്രിയും സാധാരണക്കാരനും ഒന്നുപോലെയാണെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

സമ്മര്‍ദം ചെലുത്തിയാണ് തനിക്കെതിരെ മൊഴികള്‍ ഉണ്ടാക്കുന്നതെന്ന കെജ്രിവാളിന്റെ വാദം ഇ.ഡി. തള്ളി. സമ്മര്‍ദ്ദത്തിലാക്കിയാണോ മൊഴി നല്‍കിയതെന്ന കാര്യം വിചാരണയിലാണ് തെളിയേണ്ടതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. കെജ്രിവാളിന് പല സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. നിരവധി സീനിയര്‍ അഭിഭാഷകരാണ് കെജ്രിവാളിന് വേണ്ടി ഹാജരാകുന്നത്. അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാകും കെജ്രിവാള്‍ സ്വന്തമായി വാദിക്കുന്നത്. വിശ്വാസം ഇല്ലെങ്കില്‍ കെജ്രിവാള്‍ അഭിഭാഷകരെ മാറ്റണമെന്ന് എ.എസ്.ജി. ആവശ്യപ്പെട്ടു. അഭിഭാഷകര്‍ ഉണ്ടെങ്കില്‍ കെജ്രിവാള്‍ സ്വന്തമായി വാദിക്കാന്‍ പാടില്ലെന്ന് എസ്.വി. രാജു കോടതിയില്‍ ചൂണ്ടിക്കാട്ടി.  

കേസില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി തെളിഞ്ഞിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കെജ്രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇ.ഡി. വ്യക്തമാക്കി. മൊബൈല്‍ ഫോണിന്റെ പാസ്‌വേര്‍ഡ് ഇതുവരെ കെജ്രിവാള്‍ നല്‍കിയിട്ടില്ല. പാസ് വേര്‍ഡ് നല്‍കിയില്ലെങ്കില്‍ മറ്റുമാര്‍ഗ്ഗത്തിലൂടെ അത് തുറക്കേണ്ടിവരുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.