ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്കി കേന്ദ്ര സര്‍ക്കാര്‍. 300 കോടി രൂപയ്ക്കുവരെ ആയുധങ്ങള്‍ വാങ്ങാന്‍ സായുധ സേനകള്‍ക്ക് അധികാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് സുപ്രധാന തീരുമാനം.
ഓര്‍ഡര്‍ നല്കി 12 മാസങ്ങള്‍ക്കകം സൈന്യത്തിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ് നീക്കം. ഓര്‍ഡര്‍ നടപടികള്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കുകയും ആയുധങ്ങള്‍ ഒരു വര്‍ഷത്തിനകം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. എത്രതവണ ആയുധങ്ങള്‍ വാങ്ങാം എന്നതിന് പരിധി നിശ്ചയിക്കില്ല. 300 കോടിക്കോ അതിനു താഴെയോ ഉള്ള നിരവധി ഓര്‍ഡറുകള്‍ സായുധ സേനകള്‍ക്ക് നല്‍കാം.
ലഡാക്ക് അടക്കമുള്ള അതിര്‍ത്തി മേഖലകളിലെ സുരക്ഷ ശക്തമാക്കുന്ന കാര്യം ചര്‍ച്ചചെയ്യാനാണ് ഡിഎസിയുടെ അടിയന്തര യോഗം ചേര്‍ന്നതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 38,900 കോടിരൂപ ചിലവാക്കി 33 യുദ്ധവിമാനങ്ങളും മിസൈല്‍ സംവിധാനങ്ങളും അടക്കമുള്ളവ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ഈമാസം ആദ്യം പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. റഷ്യയില്‍നിന്ന് 21 മിഗ് 29 വിമാനങ്ങളും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍നിന്ന് 12 സുഖോയ് 30 വിമാനങ്ങളും അടക്കമുള്ളവ വാങ്ങുന്നതിനാണ് അനുമതി നല്‍കിയത്.
ഇന്ത്യാ- ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഭവത്തിന് പിന്നാലെ ലഡാക്ക് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന്റെ ആധുനികവത്കരണത്തിന് സര്‍ക്കാര്‍ മുഖ്യ പരിഗണനയാണ് നല്‍കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങളില്‍നിന്ന് ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കി പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണം രാജ്യത്തുതന്നെ നടത്തുമെന്നും കോവിഡ് മഹാമാരിമൂലം മാന്ദ്യം നേരിട്ട സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Content Highlights: Armed forces gets special powers in weapon purchase
Published: 15 Jul 2020, 08:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented