ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് വേദിയായ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനം റദ്ദാക്കി കേന്ദ്ര വാര്‍ത്താവിതരണ-കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. അരുണാചലില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് ചൈന പ്രവേശനം നിഷേധിച്ച പശ്ചാത്തലത്തില്‍ പ്രതിഷേധ സൂചകമായാണ് മന്ത്രി സന്ദര്‍ശനം റദ്ദാക്കിയത്. 

To advertise here,

അരുണാചലില്‍ നിന്നുള്ള മൂന്നു വുഷു താരങ്ങള്‍ക്കാണ് ചൈന ഏഷ്യന്‍ ഗെയിംസിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ഇന്ത്യന്‍ വുഷു ടീമിലെ ബാക്കി ഏഴു താരങ്ങളും ചൈനയിലെത്തിയിട്ടുണ്ട്. ചൈനയുടെ നടപടി വിവേചനപരമാണെന്നും ഇന്ത്യന്‍ പൗരന്മാരോട് ഒരു തരത്തിലുള്ള വംശീയവിവേചനവും രാജ്യം അനുവദിക്കില്ലെന്നും ഇന്ത്യന്‍ വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ ആവേശം കെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രവേശനം നിഷേധിച്ച മൂന്നു കായികതാരങ്ങളും നിലവില്‍ ഡല്‍ഹിയിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഹോസ്റ്റലിലാണ്. വിഷയത്തില്‍ ഏഷ്യന്‍ ഗെയിംസ് സംഘാടകരോടും ഏഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിനോടും ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യ. 

എന്നാല്‍, ഏഷ്യന്‍ ഗെയിംസ് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന നിലയില്‍ എല്ലാ രാജ്യത്തെയും താരങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്നും നിയമപരമായ രേഖകളുള്ള എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്നുമാണ് വിവാദത്തില്‍ ചൈനയുടെ പ്രതികരണം. അരുണാചല്‍ പ്രദേശ് എന്നു വിളിക്കപ്പെടുന്ന സ്ഥലം അറിയില്ലെന്നും ദക്ഷിണ ടിബറ്റ് എന്നറിയപ്പെടുന്ന മേഖല തങ്ങളുടെ അതിര്‍ത്തിപ്രദേശമാണെന്നുമാണ് ചൈനയുടെ വാദം.