
അൻമോൽ ബിഷ്ണോയ് എൻഐഎ കസ്റ്റഡിയിൽ | Photo: PTI | അൻമോൽ ബിഷ്ണോയ് (Image: Special arrangement)
ന്യൂഡൽഹി: എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി)യുടെ കസ്റ്റഡിയിൽ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് ഹർജി നൽകി അധോലോക നേതാവ് അൻമോൽ ബിഷ്ണോയി. എൻസിപി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകം സംബന്ധിച്ച് എൻഐഎ സംശയിക്കുന്ന പ്രതിയാണിയാൾ. കുപ്രസിദ്ധ അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോലിനെ ഇക്കഴിഞ്ഞ ദിവസമാണ് യുഎസിൽനിന്ന് നാടുകടത്തിയത്. നിലവിൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇതിനിടെയാണ് പാകിസ്താൻ അധോലോക നേതാവായ ഷെഹ്‌സാദ് ഭട്ടിയിൽനിന്ന് വധഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അൻമോൽ നവംബർ 27-ന് ഹർജി സമർപ്പിച്ചത്.
ജീവന് ഭീഷണി ഉള്ളതിനാൽ ഭയമുണ്ടെന്നും പ്രത്യേക പോലീസ് സംരക്ഷണം ആവശ്യമാണെന്നും അൻമോൽ ഹർജിയിൽ പറയുന്നു. എൻഐഎ ആസ്ഥാനത്ത് നിന്ന് കോടതി പരിസരത്തേക്ക് മാറ്റുന്ന സമയത്ത് പോലീസ് സംരക്ഷണം നൽകാൻ അന്വേഷണ ഏജൻസിക്ക് നിർദ്ദേശം നൽകണം, കോടതിയിൽ ഹാജരാക്കുമ്പോൾ ബുള്ളറ്റ് പ്രൂഫ് വാഹനത്തിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലും കൊണ്ടുപോകാൻ എൻഐഎക്ക് നിർദേശങ്ങൾ നൽകണം, വധഭീഷണി കണക്കിലെടുത്ത് സുരക്ഷാ വിലയിരുത്തലുകൾ നടത്താൻ അധികാരികളോട് നിർദേശിക്കണം എന്നിവയാണ് അൻമോൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ.
2024 നവംബർ മുതൽ യുഎസിന്റെ തടവിലായിരുന്ന ഇയാളെ നവംബർ 18-നാണ് യുഎസിൽനിന്ന് നാടുകടത്തിയത്. നവംബർ 19-ന് ഡൽഹിയിലെ ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ അൻമോലിനെ എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2022 മുതൽ ഒളിവിലായിരുന്ന അൻമോൽ, ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 19-ാമത്തെ പ്രതിയാണ്. 2024 ഒക്ടോബറിൽ നടന്ന എൻസിപി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകം, 2024- ഏപ്രിലിൽ നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവയ്പ്പ്, പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകം എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് എൻഐഎയുടെ നിഗമനം.
ഗുണ്ടാസംഘങ്ങൾ, ഭീകരർ, ആയുധക്കടത്തുകാർ എന്നിവർ തമ്മിലുള്ള ശൃംഖല തകർക്കാൻ ലക്ഷ്യമിട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അൻമോലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020-നും 2023-നും ഇടയിൽ ലോറൻസ് ബിഷ്‌ണോയിക്കും ഗോൾഡി ബ്രാറിനും ഭീകരപ്രവർത്തനങ്ങളിൽ സജീവമായി പിന്തുണ നൽകിയതിലെ ഇയാളുടെ പങ്ക് 2023 മാർച്ചിലെ കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.
വിദേശത്തിരുന്ന് ഇന്ത്യയിൽ ഭീകര ശൃംഖല ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ഷൂട്ടർമാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തതിനു പുറമെ സംഘാംഗങ്ങൾക്ക് ഒളിയിടം, ആയുധങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയതിനും ഇയാൾക്കെതിരെ തെളിവുകളുണ്ട്. യുഎസ്, ദുബായ്, തുർക്കി, ഇറ്റലി, പോർച്ചുഗൽ, ബൾഗേറിയ എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലായാണ് അൻമോൽ ബിഷ്‌ണോയിയുടെ ക്രിമിനൽ ശൃംഖല വ്യാപിച്ചുകിടക്കുന്നത്.
ലഹരിമരുന്ന് വിതരണം , പുതിയ ഷാർപ്പ് ഷൂട്ടർമാരെ കണ്ടെത്തി പരിശീലിപ്പിക്കുക, കുറ്റകൃത്യങ്ങളിൽനിന്ന് ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കുക, വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കുക, പ്രായപൂർത്തിയാകാത്തവരെ ക്രിമിനൽ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുക എന്നിവയിലും ഇവർ ഏർപ്പെട്ടിരിക്കുന്നു
Content Highlights: Anmol Bishnoi, accused in Baba Siddique`s murder, seeks court protection citing death threats from Pakistani gangster Shehzad Bhatti. Bishnoi is in NIA custody.
Published: 30 Nov 2025, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented