തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പു കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ പോലീസ് ശക്തമാക്കി. ബുധനാഴ്ച തിരുവനന്തപുരത്തു നടന്ന പൊതുപരിപാടികളിൽ മുഖ്യമന്ത്രി എത്തുന്നതിനു മുമ്പേ ശക്തമായ പോലീസ് സന്നാഹമുണ്ടായിരുന്നു. കറുത്ത അകമ്പടി കാറുകളും കമാൻഡോകളും തിരിച്ചെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സാന്നിധ്യം കുറഞ്ഞ തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിലും കമാൻഡോകളും സ്പെഷ്യൽ ബ്രാഞ്ചും മഫ്തിയും ഒക്കെയായി വൻ പോലീസ് സന്നാഹമുണ്ടായിരുന്നു.

To advertise here,

അകമ്പടിവാഹനങ്ങൾക്കു പുറമേ പാഞ്ഞില്ലെങ്കിലും പത്തിലധികം പോലീസ് വാഹനങ്ങളും അഗ്നിമശനസേനയും സ്ഥലത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം വരുന്ന വഴികളിലും പോലീസിനെ വിന്യസിച്ചിരുന്നു. ഉപറോഡുകളിലെ ഗതാഗതം പൂർണമായി തടഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോലീസ് കടത്തിവിട്ടത്. സുരക്ഷ വിലയിരുത്താൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സ്ഥലത്തുണ്ടായിരുന്നു. തിരഞ്ഞെടുപ്പുസമയത്ത് കുറച്ച സുരക്ഷയാണ് വീണ്ടും തിരിച്ചെത്തുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനായി മറ്റു വാഹനങ്ങൾ ഏറെസമയം തടയുന്നത് നേരത്തേ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.