
കൊല്ലം : പതിവായി സ്കൂളിൽ പോകാത്ത, പോയാലും പഠിക്കാത്ത പാവപ്പെട്ട 32 പട്ടികജാതി കുട്ടികൾക്ക് പഞ്ചായത്ത് ‘രക്ഷാകർത്താവാ’കുന്നു. എഴുകോൺ ഗ്രാമപ്പഞ്ചായത്തിലെ ഇലഞ്ഞിക്കോട്, ഇടയ്ക്കിടം പട്ടികജാതി കോളനിയിലെ 32 കുട്ടികളുടെ രക്ഷാകർത്തൃത്വമാണ് പഞ്ചായത്ത് ഏറ്റെടുത്തത്.
രണ്ടു കോളനികളിലും പഞ്ചായത്ത് പ്രത്യേക അധ്യാപക രക്ഷാകർത്തൃ സമിതി (പി.ടി.എ.) രൂപവത്‌കരിക്കും. കുട്ടികളുടെ ഹാജർ, പ്രോഗ്രസ് റിപ്പോർട്ട് എന്നിവ പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഈ പി.ടി.എ. ഏറ്റെടുക്കും. വിജയദശമിനാളിൽ ഇലഞ്ഞിക്കോട് കോളനിയിൽ പഞ്ചായത്ത് നടത്തിയ വിദ്യാരംഭപരിപാടിക്കിടെയാണ് കോളനിയിലെ കുട്ടികളാരും പതിവായി സ്കൂളിൽ പോകാറില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ അറിയുന്നത്. അതിദുർബല വിഭാഗത്തിൽപ്പെടുന്നവർ താമസിക്കുന്ന കോളനികളിൽ വിവരശേഖരണത്തിന് എസ്.സി. പ്രൊമോട്ടർമാരെ ചുമതലപ്പെടുത്തി.
സർവേഫലം ഞെട്ടിക്കുന്നതായിരുന്നു. 32 കുട്ടികളിൽ 18 പേരും ഓണാവധിക്കുശേഷം സ്കൂളിൽ പോയിട്ടില്ല. സ്ഥിരമായി സ്കൂളിൽ പോകുന്ന ആരുമില്ല. പഠനത്തിൽ തീരെ മോശമാണ് 90 ശതമാനവും. പഠനനിലവാരത്തിൽ ശരാശരിക്ക് മുകളിലുള്ളവർ ആരുമില്ല. ഈ ദയനീയസ്ഥിതികണ്ട്, ‘കരവലയം-2023’ എന്ന പേരിൽ പഞ്ചായത്ത് പദ്ധതി രൂപവത്‌കരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റാണ് പ്രത്യേക പി.ടി.എ.യുടെ പ്രസിഡന്റ്. അതത് വാർഡ് അംഗം, അധ്യാപകർ എന്നിവരെല്ലാം അംഗങ്ങളാകും.
സ്കൂളിൽ വരാത്ത കുട്ടികളുടെ വിവരം പ്രത്യേക പി.ടി.എ.യെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കുട്ടികൾക്ക് ആവശ്യമായ മുഴുവൻ പഠനോപകരണങ്ങളും പഞ്ചായത്ത് നൽകുമെന്ന് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ പറഞ്ഞു. ആവശ്യമെങ്കിൽ പ്രത്യേകം ട്യൂഷൻ നൽകാനും സംവിധാനം ഉണ്ടാക്കും.
Content Highlights: Panchayat has taken over the guardianship of 32 children
Published: 20 Oct 2022, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented