ചേരാനല്ലൂർ: കൊച്ചി ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ്. നേരത്തെ ബിഎൻഎസ് 281 വകുപ്പു പ്രകാരം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇത് അനുസരിച്ച് പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ബിഎൻഎസ് 105 വകുപ്പ് (നരഹത്യാ കുറ്റം) പ്രകാരം, ജാമ്യമില്ലാ വകുപ്പുകൾകൂടി ചുമത്തിയതോടെ പ്രതിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കും. അഡീഷണൽ ജഡ്ജിയുടെ മകനാണ് പതിനേഴുകാരനായ പ്രതി.

To advertise here,

ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷൻ ജാമ്യം നൽകി പ്രതിയെ വിട്ടയച്ച പോലീസ് നടപടി വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിയോജിപ്പ് അറിയിക്കുകയും ഡിജിപിക്ക് കർശന നടപടിയെടുക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പതിനേഴുകാരനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയത്.

ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ചേരാനല്ലൂരിൽ വാഹനാപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്കൂട്ടർ യാത്രികനാണ് ബെൻസ് കാറിടിച്ച് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ പിന്നിൽനിന്ന് ഇടിക്കുകയായിരുന്നു. ഇടയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചില്ലെന്നാണ് പ്രതിയായ പതിനേഴുകാരൻ പൊലീസിന് നൽകിയ മൊഴി.