ന്യൂഡൽഹി: ജന്തർ മന്തറിൽ സമരംചെയ്ത വിദ്യാർഥികൾക്കും യുവജനങ്ങൾക്കുംനേരേയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധത്തിലാളി ലോക്‌സഭ. പോലീസ് വെടിവെപ്പിന് ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടിപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിന്റെ ഇരുസഭയിലും മുദ്രാവാക്യംമുഴക്കി.

To advertise here,

എന്നാൽ, അമിത്ഷാ വ്യാഴാഴ്ചയും സഭയിലെത്തിയില്ല. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുകൾ അവതരിപ്പിക്കേണ്ടിയിരുന്നെങ്കിലും ഷാ വിട്ടുനിന്നു. പകരം സഹമന്ത്രി നിത്യാനന്ദറായ് ആണ് ബില്ലുകൾ അവതരിപ്പിച്ചത്.

അമിത്ഷായെ പ്രതിക്കൂട്ടിൽനിർത്തി ലോക്‌സഭയ്ക്ക്‌ അകത്തും പുറത്തും പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി നടത്തിയ കടന്നാക്രമണത്തിനുപിന്നാലെയാണ് വ്യാഴാഴ്ചത്തെ പ്രതിഷേധം. ബഹളത്തെത്തുടർന്ന് മൂന്നുതവണ നിർത്തിെവച്ച ലോക്‌സഭ വെള്ളിയാഴ്ചവരെ പിരിഞ്ഞു. രാജ്യസഭയിൽ ശൂന്യവേളയിൽ ഏറെനേരം മുദ്രാവാക്യം മുഴക്കിയശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഉച്ചകഴിഞ്ഞ് പരീക്ഷാക്രമക്കേട് തടയൽ ഭേദഗതിബിൽ ചർച്ചയിലും രൂക്ഷവിമർശനമുയർത്തി. ലോക്‌സഭ മൂന്നരയ്ക്ക് വീണ്ടും ചേർന്ന് ദേശീയബഹുമതികളോടുള്ള അനാദരവ് തടയൽ ഭേദഗതി ബിൽ ഒറ്റയടിക്ക് പാസാക്കി. ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനാലാപനത്തിനുള്ള അതേ പ്രോട്ടക്കോൾ ബാധകമാക്കുന്നതാണ് ബിൽ.

പ്രതിപക്ഷക്കൂട്ടായ്മയിൽനിന്ന് വിട്ടുനിൽക്കുന്ന ഡി.എം.കെ. അംഗങ്ങൾ ബില്ലിനോട് കടുത്ത എതിർപ്പുയർത്തി. ഇത് ഫെഡറലിസത്തിനും ദേശീയതാത്‌പര്യത്തിനും എതിരായതും ജനാധിപത്യവിരുദ്ധവുമാണെന്ന് ഡി.എം.കെ. അംഗം കെ. കനിമൊഴി കുറ്റപ്പെടുത്തി. സ്വന്തമായി സംസ്ഥാനഗീതമുള്ള തമിഴ്‌നാടിനെയടക്കം കേന്ദ്രം അപമാനിക്കുകയാണെന്നും പറഞ്ഞു.

ബിൽ പാസാക്കൽ വേളയിൽ ഭേദഗതി അവതരിപ്പിച്ച ഡി.എം.കെ. അംഗം എ. രാജ, പാർലമെന്റിനെ സംബന്ധിച്ച് ഏറ്റവും അപകടകരമായ ദിവസമാണിതെന്ന് പറഞ്ഞു. സവർക്കറും വന്ദേമാതരവുമാണ് ഇന്ത്യാവിഭജനത്തിലേക്ക്‌ എത്തിച്ചതെന്ന രാജയുടെ പരാമർശത്തിനെതിരേ ഭരണകക്ഷിയംഗങ്ങൾ എഴുന്നേറ്റ് പ്രതിഷേധിച്ചു.

രാജയെ മുഴുമിപ്പിക്കാനനുവദിക്കാതെ, അവശേഷിച്ച ഭേദഗതികളെല്ലാം ഒറ്റയടിക്കുതള്ളി ബിൽ പാസാക്കുകയായിരുന്നു. ഇതോടെ ബില്ലിന്റെ പകർപ്പുകൾ രാജ കീറിയെറിഞ്ഞു. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യംവിളി നിർത്തിെവച്ച് രാജയ്ക്ക് പിന്തുണനൽകി.

ഇത് വെറും നിയമഭേദഗതിയല്ലെന്നും സാംസ്കാരികപൈതൃകത്തിന്റെയും ദേശീയ സ്വത്വബോധത്തിന്റെയും അടയാളമാണെന്നും ബിൽ അവതരിപ്പിച്ച മന്ത്രി നിത്യാനന്ദറായ് പറഞ്ഞു. ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട രാജയുടെ പരാമർശവും ബില്ലിനെ ദേശവിരുദ്ധമായി ചിത്രീകരിച്ച കനിമൊഴിയുടെ പരാമർശവും സഭാരേഖയിൽനിന്ന് നീക്കി.