അലഹബാദ്: വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീക്കൊപ്പം ഉഭയസമ്മതപ്രകാരം ലിവ് ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി.

To advertise here,

ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശികളും ലിവ് ഇൻ പങ്കാളികളുമായ അനാമിക, നേത്രപാൽ എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വീട്ടുകാർ കേസ് നൽകിയിരുന്നു.

തുടർന്ന്, ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയും യുവാവും കോടതിയെ സമീപിക്കുകയായിരുന്നു.

‘‘നിയമവും ധാർമികതയും രണ്ടാണ്. കോടതിയിൽ നിയമമാണ് മുഖ്യം. സാമൂഹികമോ കുടുംബപരമോ ഉള്ള ധാർമികതയല്ല’’ -ജസ്റ്റിസ് ജെ.ജെ. മുനീർ, ജസ്റ്റിസ് തരുൺ സക്സേന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പുരുഷൻ വിവാഹിതനാണെങ്കിലും പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി സമ്മതത്തോടെ താമസിക്കുന്നത് ഏതെങ്കിലും ക്രിമിനൽ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന് കോടതി പറഞ്ഞു.

പങ്കാളികളെ അറസ്റ്റുചെയ്യരുതെന്ന് പോലീസിനോട് നിർദേശിച്ച കോടതി, പങ്കാളികൾക്ക് ഒരു പ്രശ്നവുമുണ്ടാക്കരുതെന്ന് യുവതിയുടെ കുടുംബത്തോട് നിർദേശിച്ചു. കേസ് വിശദവാദം കേൾക്കാൻ ഏപ്രിൽ എട്ടിലേക്ക് മാറ്റി.