ന്യൂഡൽഹി: ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ. വർമ്മയെ ഇംപീച്ച് ചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി ആവശ്യപ്പെട്ടു.

To advertise here,

ജഡ്ജിമാർ സംശയത്തിന് അതീതരായിരിക്കണമെന്ന് അനിൽ തിവാരി പറഞ്ഞു. സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയക്കാൻ ശുപാർശ ചെയ്ത അതേദിവസം തന്നെയാണ് ഈ ആവശ്യം ഉയർന്നുവന്നത് എന്നതും ശ്രദ്ധേയമാണ്.  

ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതി സുപ്രീംകോടതി രൂപവത്കരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയാണ് സമിതി രൂപവത്കരിച്ചത്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. 
 
ഒരാഴ്ച മുമ്പ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപ്പിടിത്തത്തെത്തുടര്‍ന്ന് തീ കെടുത്താന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. മാര്‍ച്ച് 14-ന് രാത്രി 11.35-നാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. അലഹാബാദുകാരനായ ജസ്റ്റിസ് വര്‍മ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. 

കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍, അഗ്‌നിശമന സേനാംഗങ്ങള്‍ പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പിന്നീട് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പണം കണ്ടെടുത്തിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് ശനിയാഴ്ച അദ്ദേഹം രംഗത്തെത്തി.