ന്യൂഡൽഹി: മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും വെറുതേവിട്ട വിചാരണക്കോടതി വിധിക്കെതിരേ സി.ബി.ഐ. ഫയൽചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സി.ബി.ഐ.യുടെ റിവിഷൻ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളും സിസോദിയയും നൽകിയ ഹർജിയും ജസ്റ്റിസ് മനോജ് ജെയിൻ ഇതോടൊപ്പം പരിഗണിച്ചേക്കും.

To advertise here,

സി.ബി.ഐ.യുടെ ഹർജിയിൽ മറുപടി നൽകാൻ കെജ്‌രിവാൾ, സിസോദിയ, എ.എ.പി.യുടെ മറ്റൊരു നേതാവായ ദുർഗേഷ് പാഠക് എന്നിവരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് മൂന്നുമാസത്തോളം പരിശോധിച്ചാണ് വിചാരണക്കോടതി വെറുതേവിട്ടതെന്നും ക്രമക്കേട് കണ്ടെത്താനുള്ളതൊന്നും സി.ബി.ഐ.യുടെ പക്കലില്ലെന്നുമാണ് കെജ്‌രിവാളിന്റെ വാദം.

രാഷ്ട്രീയകോളിളക്കമുണ്ടാക്കിയ മദ്യനയക്കേസിൽ ഫെബ്രുവരി 27-നായിരുന്നു വിചാരണക്കോടതി വിധി. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്ക തെളിവുപോലും പ്രാസിക്യൂഷന് കണ്ടെത്താനായില്ലെന്ന് വിചാരണക്കോടതി പറഞ്ഞു. മദ്യനയമുണ്ടാക്കിയത് കൂട്ടായ തീരുമാനത്തിലൂടെയാണ്. ഒട്ടേറെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം അതിലുണ്ട്. നയരൂപവത്കരണത്തിൽ പങ്കെടുത്തുവെന്നതുമാത്രം ക്രിമിനൽ ഗൂഢാലോചനയാവില്ല. നയരൂപവത്കരണ നടപടിക്രമങ്ങളിൽ തെറ്റുണ്ടായിട്ടില്ലെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്നും വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു.