ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിനത്തിലും അജ്ഞാത ഭീഷണി സന്ദേശത്തിൽ വലഞ്ഞ് എയർ ഇന്ത്യ. നവംബർ 13-ന് ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനമായ AI188-ന് ഭീഷണി സന്ദേശം ലഭിച്ചതായി എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് ഉടനടി ബിടിഎസി (ബോംബ് ഭീഷണി വിലയിരുത്തൽ കമ്മിറ്റി) വിളിച്ചുചേർക്കുകയും സുരക്ഷാപരിശോധനകൾ നടത്തുകയും ചെയ്തു. പരിശോധനയ്ക്ക് ശേഷം വിമാനം സുരക്ഷിതമാണെന്നും യാത്രക്കാർക്ക് കമ്പനി പൂർണ സുരക്ഷ ഉറപ്പാക്കിയെന്നും എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.

To advertise here,

വ്യാഴാഴ്ച രാവിലെ 11:30-നാണ്, എയർ ഇന്ത്യ വിമാനമായ AI-188 (ടൊറന്റോ ഡൽഹി വിമാനം)യിൽ സ്ഫോടനം നടത്തുമെന്ന് അവകാശപ്പെടുന്ന ഒരു ഭീഷണി മെയിൽ ഡൽഹി പോലീസിന് ലഭിച്ചത്. തുടർന്ന് അടിയന്തര നടപടിയുടെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താൻ സിഐഎസ്എഫിനും വിമാനത്താവള അധികൃതർക്കും നിർദേശം നൽകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

രണ്ട് ദിവസത്തിനുള്ളിൽ എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് ടെർമിനൽ 3-ൽ അജ്ഞാത ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച ഇൻഡിഗോ എയർലൈനിന് ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന്, ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവയുൾപ്പെടെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു.

മുംബൈയിൽനിന്ന് വാരാണസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബുധനാഴ്ച ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തുകയും സുരക്ഷാ പരിശോധനയ്ക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.