ബോംബ് ഭീഷണിയും നിയന്ത്രണങ്ങളും അനുമതിയെച്ചൊല്ലിയുള്ള അനിശ്ചിതത്വവും മറികടന്ന് ഇൻഡോറിൽ സംഗീതനിശ അവതരിപ്പിച്ച് പഞ്ചാബി ഗായകൻ ദിൽജിത് ദൊസാഞ്ജ്. പരിപാടി തടയാൻ ശ്രമിച്ചവർക്ക് പ്രശസ്ത ഉർദു കവി റാഹത്ത് ഇൻഡോറിയുടെ വരികൾ ഉദ്ധരിച്ചാണ് മറുപടി നൽകിയത്.
'ജയ് ശ്രീ മഹാകാൽ' വിളികളോടെയാണ് ദിൽജിത് ഞായറാഴ്ചത്തെ പരിപാടിക്ക് തുടക്കമിട്ടത്. ആരാധകർക്ക് നൽകിയ വാക്ക് പാലിക്കുന്നതിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇത് മഹാകാലിന്റെ (ശിവന്റെ) മണ്ണാണ്, ഇവിടേക്ക് വരുന്നതിൽനിന്ന് ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല. മുൻപും ഒന്നിനെയും ഭയപ്പെട്ടിരുന്നില്ല, ഇപ്പോഴുമില്ല. നിങ്ങളാണ് ഞങ്ങളെ ഇന്ന് ഇവിടെ എത്തിച്ചത്,' ദിൽജിത് സദസിനോട് പറഞ്ഞു.
താൻ ഇൻഡോറിലേക്ക് എത്താതിരിക്കാൻ ശ്രമങ്ങളുണ്ടായെന്ന് ദിൽജിത് പറഞ്ഞു. എന്നാൽ, ആരാധകർക്കുവേണ്ടി താൻ ഇവിടേക്ക് വരികയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് അന്തരിച്ച ഉർദു കവി റാഹത്ത് ഇൻഡോറിയുടെ പ്രശസ്തമായ ഗസലിലെ വരികൾ ആലപിച്ചത്. ‘എതിർക്കുന്നവർ എതിർക്കട്ടെ, ജീവനൊന്നും പോകില്ലല്ലോ... ഇവിടുത്തെ മണ്ണിൽ എല്ലാവരുടെയും ചോര കലർന്നിട്ടുണ്ട്. ഹിന്ദുസ്ഥാൻ ആരുടെയും പിതാവിന്റെ സ്വത്തല്ല', എന്നർഥം വരുന്ന വരികളിലൂടെയാണ് അദ്ദേഹം വിമർശകർക്ക് മറുപടി നൽകിയത്.
നേരത്തെ ദിൽജിത്തിന്റെ ഇൻഡോർ പരിപാടിക്കെതിരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇൻഡോർ മേയറുടെ ഓഫീസിലേക്കും മൂന്ന് ബാങ്കുകളിലേക്കും സ്വകാര്യസ്‌കൂളുകളിലേക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ബോംബ് ഭീഷണി പ്രഥമദൃഷ്ട്യാ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഞായറാഴ്ച നടന്ന പരിപാടിക്ക് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് അനുമതി ലഭിച്ചത്. വനിതാ- ശിശുവികസന വകുപ്പിന്റെ എതിർപ്പിനെയും ഹൈക്കോടതി നിർദേശത്തെയും തുടർന്ന് നാല് ഗാനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരുന്നു. കുട്ടികളിൽ മോശം സ്വാധീനം ചെലുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് പാട്ടുകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് 'പട്യാല പെഗ്', 'ഫൈവ് താര', 'കേസ്', 'ജട്ട് ഉത്തെ ഫയർ കർദാ' എന്നീ ഗാനങ്ങൾ അവതരിപ്പിക്കരുതെന്ന് പോലീസ് നിർദ്ദേശിച്ചിരുന്നു.
ഡിലൈറ്റ് ദസ്തൂർ ഗ്രൗണ്ടിൽ കനത്ത സുരക്ഷയിലാണ് പരിപാടി നടന്നത്. മുന്നൂറിലധികം പോലീസുകാരെയും ആയിരത്തിലധികം വോളന്റിയർമാരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും പ്രത്യേക സുരക്ഷാ സേനയും സ്ഥലത്തുണ്ടായിരുന്നു.
ദിൽജിത്തിന്റെ 'ഓറ ഇന്ത്യ ടൂർ 2026'-ന്റെ ഭാഗമായാണ് ഇൻഡോറിലെ പരിപാടി നടന്നത്. ഒക്ടോബർ 30-ന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആദ്യ പരിപാടിക്കും തുടക്കത്തിൽ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഡിസംബർ 20 വരെ താൻ ഇന്ത്യയിലുണ്ടാകുമെന്നും ബാക്കിയുള്ള എല്ലാ പരിപാടികളും പൂർത്തിയാക്കിയ ശേഷമേ രാജ്യത്തിന് പുറത്തുപോകൂവെന്നും ദിൽജിത് ആരാധകർക്ക് ഉറപ്പുനൽകി.
Content Highlights: Punjabi singer Diljit Dosanjh performed his Aura India Tour 2026 concert in Indore despite a hoax bomb threat and last-minute permission hurdles. Responding to those who tried to stop the show, Diljit recited famous lines by late Urdu poet Rahat Indori asserting that India belongs to everyone. Following police and court directives over negative influence on children, four songs—Patiala Peg, 5 Taara, Case, and Jatt Utte Fire Karda—were dropped from the setlist. The event took place at Delight Dastoor Ground under heavy security with over 300 police personnel, bomb disposal squads, and more than 1,000 volunteers. Diljit assured fans that he will stay in India until December 20 to complete all remaining shows of his tour.
Published: 16 Nov 2026, 11:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented