ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ കട്ട് ഓഫായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് പൈലറ്റുമാര്‍ തമ്മില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ലഭിച്ചതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 

To advertise here,

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (AAIB) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത്. അതേസമയം, ഫ്യുവല്‍ സ്വിച്ച് പരിശോധന സംബന്ധിച്ച് എയര്‍ ഇന്ത്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മറുപടിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഫ്യുവല്‍ സ്വിച്ച് ലോക്കിങ് ഫീച്ചര്‍ സംബന്ധിച്ച് നിര്‍ദിഷ്ട പരിശോധന നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ നിര്‍ബന്ധിത പരിശോധന ആവശ്യപ്പെടാത്തതിനാലാണ് ഇത് നടത്താതിരുന്നതെന്നുമായിരുന്നു എയര്‍ഇന്ത്യ അന്വേഷണസംഘത്തിന് നല്‍കിയ മറുപടി. 2018-ല്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്.എ.എ) ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന്റെ ലോക്കിങ് ഫീച്ചര്‍ വിച്ഛേദിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ഒരു ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇത് ഗുരുതരമായ സുരക്ഷിതമല്ലാത്ത അവസ്ഥയായി കണക്കാക്കിയിരുന്നില്ല. നിര്‍ബന്ധിതമല്ലാത്തതിനാലും ഇക്കാര്യത്തില്‍ ഉപദേശസ്വഭാവത്തിലുള്ള നിര്‍ദേശം മാത്രമുള്ളതിനാലും പരിശോധന നടത്തിയില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം. 

വിമാനം ഗതാഗതയോഗ്യമാണോയെന്നത് സംബന്ധിച്ച മുഴുവന്‍ നിര്‍ദേശങ്ങളും എയര്‍ ഇന്ത്യ പാലിച്ചിരുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സാധ്യതയുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിമാനത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ അലര്‍ട്ട് സര്‍വീസ് ബുള്ളറ്റിനും എയര്‍ ഇന്ത്യ കൃത്യമായി പിന്തുടര്‍ന്നിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

ബോയിങ് 737 വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ 2018-ല്‍ പ്രത്യേക ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നത്. ഈ മോഡല്‍ വിമാനങ്ങളില്‍ ലോക്കിങ് ഫീച്ചര്‍ വിച്ഛേദിക്കപ്പെട്ടനിലയിലാണ് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ സ്ഥാപിച്ചിരുന്നതെന്നായിരുന്നു ഓപ്പറേറ്റര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സുരക്ഷിതമല്ലാത്ത അവസ്ഥയായി കണക്കാക്കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2018-ലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ഫ്യുവല്‍ സ്വിച്ച് ലോക്കിങ് ഫീച്ചര്‍ സംബന്ധിച്ച് നിര്‍ബന്ധിതമായ നിര്‍ദേശമില്ലാത്തതിനാലും ഉപദേശമായതിനാലും ഇതുസംബന്ധിച്ച പരിശോധന നടത്തിയിട്ടില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം. അതേസമയം, 2019-ലും 2023-ലും വിമാനത്തിന്റെ ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ മാറ്റിസ്ഥാപിച്ചതിന്റെ രേഖകള്‍ പരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.