ബല്ലിയയിൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു |ഫോട്ടോ:ANI
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപുര്‍ ജില്ലകളില്‍ നിന്നായി 45 മൃതശരീരങ്ങള്‍ ഗംഗാ നദിയില്‍ കണ്ടെത്തി. പ്രദേശവാസികളും അധികൃതരുമാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായി കണ്ടെത്തിയത്. ബിഹാറിലെ ബക്സറില് ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുറത്തെടുത്തിരുന്നു. കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയം.
ബല്ലിയയിലെ ഉജിയാര്‍, കുല്‍ഹാദിയ, ഭൗരലി എന്നിവടങ്ങളിലാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞത്. അതേ സമയം എത്ര മൃതദേഹങ്ങളുണ്ടെന്ന കൃത്യമായ എണ്ണം ജില്ലാഭരണകൂടം അറിയിച്ചിട്ടില്ല.
അഴുകിത്തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങള്‍ ബില്ലിയ-ബക്സാര്‍ പാലത്തിനിടിയില്‍ കണ്ടെത്തിയതായി ബല്ലിയ ജില്ലാ കളക്ടര്‍ അതിദി സിങ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്ത്യകര്‍മ്മങ്ങള്‍ ആദരവോടെ നടത്തുമെന്നും അവര്‍ പറഞ്ഞു.
അതേ സമയം ബിഹാറില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയതെന്നാണ് യുപി പോലീസ് പറയുന്നത്.' മൃതദേഹങ്ങള്‍ വളരെ പഴക്കം ചെന്നവയാണ്. ബിഹാറില്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കിവിടുന്ന ഒരു ആചാരമുണ്ട്. ഈ മൃതദേഹങ്ങള്‍ കാണുമ്പോള്‍ അവിടെ നിന്നുള്ളതാണെന്ന് സംശയിക്കുന്നു' ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഇതിനിടെ മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധന കര്‍ശനമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
'ഗംഗയിലും അതിന്റെ പോഷകനദികളിലും ആളുകള്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്നത് അപകടകരവും പ്രദേശത്തിന്റെ ആരോഗ്യവും ശുചിത്വവും അപകടപ്പെടുത്തുന്നതുമാണ്. നദികളുടെ പ്രാദേശിക പരിധികളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക'.അധികൃതര്‍ക്ക് അയച്ച കത്തില്‍ നാഷണല്‍ മിഷന് ഫോര്‍ ക്ലീന്‍ ഗംഗ ഡയറക്ടര്‍ ജനറല്‍ രാജീവ് രഞ്ജന്‍ മിശ്ര പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..