ന്യൂഡല്‍ഹി: ഉന്നതല നയതന്ത്ര പരിപാടിയുടെ റിപ്പോര്‍ട്ടിങ്ങില്‍ ലിംഗപരമായ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വാര്‍ത്താസമ്മേളനം നടന്നത്. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാസഹകരണം വിഷയങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ചകള്‍ നടന്നെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കാതിരുന്നത് സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയതിനെതിരെ മാധ്യമപ്രവര്‍ത്തകരും സാമൂഹികമാധ്യമ ഉപയോക്താക്കളും രോഷം പ്രകടിപ്പിക്കുകയും ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതികരിക്കുകയും ചെയ്തു.'താലിബാന്‍ ബോംബിട്ട് തകര്‍ത്ത ബാമിയാന്‍ ബുദ്ധ പ്രതിമയുടെ ഫ്രെയിം ചെയ്ത ചിത്രം സൂക്ഷിക്കുന്നത് അവരുടെ ഭരണത്തിലെ ഒരു കറുത്ത പാടാണ്. എന്നിട്ട് പത്രസമ്മേളനത്തിലേക്ക് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയെ പോലും ക്ഷണിച്ചില്ല', ഒരു ഉപയോക്താവ് കമന്റ് ചെയ്തു. പുരുഷ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകണമായിരുന്നുവെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു.
വനിതാ റിപ്പോര്‍ട്ടര്‍മാരുടെ അസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍, പ്രത്യേകിച്ച് താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ നേരിടുന്ന വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലിന്റെ പ്രതിഫലനമാണെന്നാണ് പലരും പ്രതികരിച്ചത്. കഴിഞ്ഞ മാസം അഫ്ഗാനിസ്താനില്‍ ഉണ്ടായ ഭൂചലനത്തില്‍ 2,200-ല്‍ അധികം ആളുകള്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തിന്റെ ഏറ്റവും ബാധിക്കപ്പെട്ടത് സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. അപരിചിതരായ പുരുഷന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് കര്‍ശന താലിബാന്‍ നിയമം നിലവിലുള്ളതിനാല്‍ പുരുഷ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ത്രീകളെ സ്പര്‍ശിക്കാന്‍ വിലക്കുള്ളതിനാല്‍ ഒട്ടേറെ സ്ത്രീകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. ശാരീരിക സമ്പര്‍ക്കം ഒഴിവാക്കാന്‍ സ്ത്രീകളുടെ മൃതദേഹങ്ങള്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ചാണ് പുറത്തെടുത്തത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും താലിബാന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കാരണം വനിതാ രക്ഷാപ്രവര്‍ത്തകര്‍ എണ്ണത്തില്‍ കുറവായിരുന്നു.
ആരോഗ്യരംഗത്ത് സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും താലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായി വനിതാ മെഡിക്കല്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലെ ആശുപത്രികളില്‍ സ്ത്രീകള്‍ക്ക് ചികിത്സ ലഭിക്കാന്‍ പ്രയാസമേറി. ആശുപത്രികളില്‍ സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് താലിബാന്റെ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടെങ്കിലും പല സ്ത്രീകള്‍ക്കും ചികിത്സ ലഭിച്ചില്ലെന്ന് രക്ഷപ്പെട്ടവരുടെ വിവരണങ്ങള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും കഠിനമായ ലിംഗപരമായ നിയന്ത്രണങ്ങള്‍ക്ക് കീഴിലാണ് അഫ്ഗാന്‍ സ്ത്രീകള്‍ ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസം നിഷേധിച്ചു, മിക്ക തൊഴിലുകളില്‍ നിന്നും സ്ത്രീകളെ വിലക്കി, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യുന്നത് നിയന്ത്രിച്ചു, പാര്‍ക്കുകളും ജിമ്മുകളും പോലുള്ള പൊതുഇടങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.
Content Highlights: Absence of female journalists at Afghan FM`s Delhi press conference following talks with EAM Jaishankar sparks debate on gender representation and Taliban`s women`s rights policies.
Published: 10 Oct 2025, 09:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented