മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വിദേശ പര്യടനങ്ങളെയും വസ്ത്രധാരണത്തെയും വിമർശിച്ച് ദിപ്കെ രംഗത്തെത്തിയത്.

To advertise here,

സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി ലോകസഞ്ചാരം നടത്തുന്നതെന്ന് ദിപ്കെ ആരോപിച്ചു. "ഫാഷൻ ബോധവും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല"- ദിപ്കെ പറഞ്ഞു.

ശിവാജി പാർക്കിൽ അണിനിരന്ന പതിനായിരങ്ങളെ അഭിസംബോധന ചെയ്യവെ ഗാന്ധിജിയുടെയും അംബേദ്കറുടെയും നെഹ്റുവിന്റെയും കാഴ്ചപ്പാടുകളെ ദിപ്കെ അനുസ്മരിച്ചു. "ഇന്ത്യയുടെ ആത്മാവ് ഗാന്ധിയാണ്. ഗാന്ധിജിയുടെ പ്രത്യയശാസ്ത്രം ഉള്ളതുകൊണ്ടാണ് ഈ രാജ്യം ഇന്നും സുസ്ഥിരമായി നിലനിൽക്കുന്നത്. ഗാന്ധി ഇന്ത്യയുടെ ആത്മാവാണ്, അംബേദ്കർ നട്ടെല്ലാണ്, ജവഹർലാൽ നെഹ്റു ഇന്ത്യയുടെ തലച്ചോറുമാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിവുകെട്ട സർക്കാർ ആയതിനാലാണ് രണ്ടു മാസത്തിനിടെ തങ്ങൾക്ക് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നതെന്ന് ദിപ്കെ വ്യക്തമാക്കി. മഹാരാഷ്ട്ര സർക്കാരിന്റെയും പോലീസിന്റെയും വിലക്ക് ലംഘിച്ചാണ് ഗാന്ധി ജയന്തി ദിനത്തിൽ സിജെപി പ്രവർത്തകർ ശിവാജി പാർക്കിൽ തടിച്ചുകൂടിയത്.

പ്രതിഷേധക്കാരെ ജയിലിലടക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദിപ്കെ, ജയിലിൽ പോകാൻ തങ്ങൾക്ക് ഭയമില്ലെന്നും തങ്ങൾ 'പാറ്റകൾ' ആണെന്നും പറഞ്ഞു. മുംബൈ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്കനുസരിച്ച് പതിനായിരത്തോളം ആളുകളാണ് ശിവാജി പാർക്കിൽ ഒത്തുകൂടിയതെന്നാണ് റിപ്പോർട്ട്. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടിക പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സിജെപിയുടെ നേതൃത്വത്തിൽ മുംബൈയിൽ വൻ പ്രതിഷേധം പുരോഗമിക്കുന്നത്.