ന്യൂഡൽഹി: എൻഡിഎയിൽ ചേരാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണത്തിന് ചുട്ടമറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) നേതാവും സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്താവ്ലെയാണ് അഭിജീത്ത് ദിപ്‌കെയെ ബിജെപി നയിക്കുന്ന മുന്നണിയായ എൻഡിഎയിലേക്ക് കഴിഞ്ഞദിവസം ക്ഷണിച്ചത്. ചുറുചുറുക്കുള്ള നേതാവാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ദിപ്‌കെയെ എൻഡിഎയിലേക്ക് ക്ഷണിച്ചത്.

To advertise here,

'ഒരു മാസം മുമ്പ് നിങ്ങൾക്ക് ഞാൻ രാജ്യവിരുദ്ധനായിരുന്നില്ലേ?' എന്നാണ് അഭിജീത്ത് ദിപ്‌കെ മറുപടിയായി ചോദിച്ചത്. എൻഡിഎയിലേക്കുള്ള ക്ഷണത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. ധർമേന്ദ്ര പ്രധാന്റെ രാജിക്ക് കാരണമായ സിജെപി സമരം ഡൽഹിയിൽ നടക്കുമ്പോൾ ബിജെപി നേതാക്കളും ബിജെപിയെ അനുകൂലിക്കുന്ന മാധ്യമങ്ങളും ദിപ്‌കെ ഉൾപ്പെടെയുള്ളവരെ രാജ്യവിരുദ്ധർ എന്ന് വിളിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ ക്ഷണത്തിന് ദിപ്‌കെ മറുപടി നൽകിയത്.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ (എ) ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ദിപ്കെ തയ്യാറാകണമെന്നാണ് രാംദാസ് അത്താവ്ലെ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണിതെന്നും അതിനാൽ ദീപ്കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീപ്കെ ചുറുചുറുക്കുള്ള ഒരു അംബേദ്കറൈറ്റ് നേതാവാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പാർട്ടിയിൽ ചേരുന്നത് സംഘടനയെയും സമൂഹത്തെയും ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും അത്താവലെ കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനില്ലെന്ന് അഭിജീത്ത് ദിപ്‌കെ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന് ഇപ്പോൾ ആവശ്യം മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും ഒരു ജനകീയ മുന്നേറ്റമാണെന്നുമാണ്, രാഷ്ട്രീയ പ്രവേശനത്തെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് ദീപ്‌കെ മുൻപ് മറുപടി പറഞ്ഞത്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് രാഷ്ട്രീയ വ്യവസ്ഥിതിയിലും തിരഞ്ഞെടുപ്പ് സമ്പ്രദായത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ദീപ്‌കെയുടെ നിലപാട്.