പുതിയ ആഡംബര എസ്‌.യു.വി സ്വന്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. മെഴ്‌സിഡീസ് ബെൻസിന്റെ കരുത്തുറ്റ എസ്‌.യു.വികളിലൊന്നായ ജി63 എ.എം.ജിയുടെ 'റൂബെലൈറ്റ് റെഡ് മെറ്റാലിക്' നിറത്തിലുള്ള പതിപ്പാണ് താരം സ്വന്തമാക്കിയത്. രാജ്യത്ത് നിരവധി സെലിബ്രിറ്റികൾ ഇതിനകം ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. പ്രിയതാരം ഫഹദ് ഫാസിലും അക്കൂട്ടത്തിൽ പെടുന്നു.

To advertise here,

മെഴ്‌സിഡീസ് ഇന്ത്യയിലെത്തിക്കുന്ന ഏറ്റവും കരുത്തുറ്റതും ആധുനിക സുരക്ഷാ സംവിധാനങ്ങളാൽ സമ്പന്നവുമായ എസ്‌.യു.വികളിലൊന്നാണ് ജി63 എ.എം.ജി. ഏകദേശം 3.74 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്‌ഷോറൂം വില.

മെഴ്‌സിഡീസ് ബെൻസിന്റെ വാഹനനിരയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജി-ക്ലാസ് ശ്രേണിയിലെ മോഡലാണിത്. ലാഡർ ഫ്രെയിം ഷാസിയിൽ ബോക്സി ഡിസൈനിൽ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് കരുത്തിനൊപ്പം ആഡംബര ഫീച്ചറുകളുടെയും നീണ്ട നിരയുണ്ട്.

4.0 ലിറ്റർ വി8 ബൈ-ടർബോ പെട്രോൾ എൻജിനാണ് ജി63 എ.എം.ജിയുടെ ഹൃദയം. 585 ബി.എച്ച്.പി. കരുത്തും 850 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കൻഡ് മതി.

ലുക്കിലും സ്പോർട്ടി സ്വഭാവം പ്രകടമാക്കുന്ന വാഹനമാണ് ജി63 എ.എം.ജി. മെഴ്‌സിഡീസിന്റെ ലോഗോ പതിപ്പിച്ച പനമേരിക്കാന ഗ്രിൽ, റൗണ്ട് ഷേപ്പിലുള്ള ഡി.ആർ.എൽ. സംവിധാനത്തോടുകൂടിയ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, വലിയ എയർ ഇൻടേക്ക്, എ.എം.ജി. വീൽ ആർച്ചുകൾ, 22 ഇഞ്ച് വലിപ്പമുള്ള എ.എം.ജി. അലോയ് വീലുകൾ, ബോണറ്റിലെ എ.എം.ജി. ബാഡ്ജിങ് എന്നിവ വാഹനത്തിന്റെ പുറംമോടിക്ക് മാറ്റുകൂട്ടുന്നു.

ആഡംബരത്തിന് പ്രാധാന്യം നൽകിയാണ് വാഹനത്തിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് ഓഫ് ദി ആർട്ട് ഡിസൈനിലുള്ള അകത്തളത്തിൽ എം.ബി.യു.എക്സ്. മൾട്ടിമീഡിയ സിസ്റ്റം, ഓഫ്‌റോഡ് ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷൻ സംവിധാനം എന്നിവയുണ്ട്. നാപ്പ ലെതറിൽ തീർത്ത മൾട്ടികളർ സീറ്റുകൾ, ലെതർ ആവരണമുള്ള പാനലുകൾ, ബർമസ്റ്റർ ത്രീഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകൾ, പാസഞ്ചർ എന്റർടെയ്ൻമെന്റ് സ്ക്രീൻ എന്നിവയും വാഹനത്തിലെ പ്രധാന ആകർഷണങ്ങളാണ്.

കരുത്തുറ്റ എൻജിൻ, ഓഫ്‌റോഡ് ശേഷി, സ്പോർട്ടി ഡിസൈൻ, അത്യാധുനിക സാങ്കേതികവിദ്യ, ആഡംബര സൗകര്യങ്ങൾ എന്നിവ ഒരുമിക്കുന്ന ജി63 എ.എം.ജി. മെഴ്‌സിഡീസ് ബെൻസിന്റെ ശ്രദ്ധേയമായ എസ്‌.യു.വി. മോഡലുകളിലൊന്നാണ്.