വാഷിങ്ടൺ: അമേരിക്കയിൽ ജന്മാവാകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. ഒമ്പത് അംഗ ബെഞ്ചിൽ 6-3 ഭൂരിപക്ഷത്തിനാണ് ട്രംപിന്റെ ഉത്തരവ് തള്ളിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രസ്താവിച്ചത്.

To advertise here,

യുഎസിൽ അനധികൃതമായോ അല്ലെങ്കിൽ താൽക്കാലികമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾ അമേരിക്കൻ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവാണ് കോടതി തള്ളിയത്.

ട്രംപിന്റെ ഉത്തരവ് യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 1868-ൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച്, അമേരിക്കയിൽ ജനിക്കുന്നതോ സ്വാഭാവിക പൗരത്വം ലഭിച്ചതോ ആയ വ്യക്തികൾ യുഎസ് പൗരന്മാരാണ്. 150 വർഷം പഴക്കമുള്ള ഈ ഭരണഘടനാ തത്വം മാറ്റാൻ ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും തയ്യാറായില്ല.

2025 ജനുവരിയിൽ രണ്ടാമത് അധികാരമേറ്റ ട്രംപ് ആദ്യ ദിവസം ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൊന്നായിരുന്നു ഇത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനാണ് ഈ നീക്കമെന്ന് ട്രംപ് ഭരണകൂടം വാദിച്ചെങ്കിലും വിവിധ സംസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു.

'അന്നുമുതൽ ഇന്നുവരെ, പൗരത്വം എന്നത് അവകാശങ്ങൾ നേടാനുള്ള അവകാശമായിരുന്നു നമ്മുടെ രാഷ്ട്രീയ സമൂഹത്തിൽ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശം. പതിനാലാം ഭേദഗതിയുടെ രൂപകർത്താക്കൾ ഈ വാഗ്ദാനം ഈ നാട്ടിൽ ജനിച്ച ഓരോ വ്യക്തിക്കും വിപുലീകരിച്ചു' യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് വിധിപ്രസ്താവത്തിൽ എഴുതി.