ന്യൂഡൽഹി: കര, വ്യോമസേനകൾക്കായി 45,000 കോടി മുടക്കി 156 ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള കരാറിന് കേന്ദ്രമന്ത്രിസഭ ഉടൻ അംഗീകാരം നൽകിയേക്കും. ചൈന, പാകിസ്താൻ അതിർത്തികളിലാകും തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധ ഹെലികോപ്ടറായ പ്രചണ്ഡ് വിന്യസിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡാണ് വികസിപ്പിച്ചത്. പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവെപ്പാകുമിതെന്ന്‌ പ്രതിരോധവൃത്തങ്ങൾ വാർത്താഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

To advertise here,

ഹെലികോപ്റ്ററുകളിൽ 90 എണ്ണം കരസേനയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കും ലഭിക്കും. 16,400 അടി ഉയരത്തിൽനിന്ന് ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ലോകത്തിലെ ഏക ആക്രമണ ഹെലികോപ്റ്ററാണ് പ്രചണ്ഡ്. കിഴക്കൻ ലഡാക്കിലും സിയാച്ചിനിലും വിന്യസിക്കാൻ ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകൾ.

ഇവിടങ്ങളിൽ ഉൾപ്പെടെ വ്യത്യസ്ത ഉയരമുള്ള പ്രദേശങ്ങളിൽ വിജയകരമായി പരീക്ഷണപ്പറക്കലുകൾ നടത്തിയതിനു ശേഷമാണ് ഇവ സൈന്യത്തിന് കൈമാറാനൊരുങ്ങുന്നത്. ആയുധങ്ങളും ഇന്ധനവുമായി പറക്കാനുമാകും. 70 എം.എം. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ അത്യാധുനിക ആയുധശേഷിയും കോപ്റ്ററിനുണ്ട്. ഏത് കാലാവസ്ഥയിലും ഭൂപ്രദേശത്തിലും പറന്നുയർന്ന് ശത്രുവിന്റെ വ്യോമ പ്രതിരോധം തകർക്കാനും പ്രചണ്ഡിന് കഴിയും. മണിക്കൂറിൽ 268 കിലോമീറ്ററാണ് പരമാവധിവേഗം. 700 കിലോമീറ്ററാണ് പ്രവർത്തനദൂരപരിധി. കോപ്റ്ററുകളുടെ നിർമാണത്തിനുപയോഗിച്ച സാമഗ്രികളിൽ 45 ശതമാനവും തദ്ദേശീയമാണ്.

ആർട്ടിലറി ഗൺ സംവിധാനം: 6900 കോടിയുടെ കരാറായി

അത്യാധുനിക ആർട്ടിലറി ഗൺ സംവിധാനം വാങ്ങുന്നതിനായി 6900 കോടിയുടെ കരാറുകളിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. 155 എംഎം/52 കാലിബർ അഡ്വാൻസ്ഡ് ടോവ്ഡ് ആർട്ടിലറി ഗൺ സിസ്റ്റങ്ങൾ, ഉന്നതക്ഷമതയുള്ള വാഹനങ്ങൾ, ഗൺ വാഹക വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനായി ഭാരത് ഫോർജ് ലിമിറ്റഡുമായും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡുമായാണ് കരാർ. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു കരാർ ഒപ്പുവെച്ചത്.