ന്യൂഡൽഹി: സന്നദ്ധസംഘടനകൾക്കുള്ള തിങ്കളാഴ്ച വിജ്ഞാപനം ചെയ്ത എഫ്.സി.ആർ.എ. ചട്ടഭേദഗതി വിദേശസംഭാവനകൾ ഉപയോഗിച്ചുള്ള മതപരിവർത്തനശ്രമം കർശനമായി വിലക്കുന്നു. വിദേശസംഭാവന സ്വീകരിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങളിൽ കാര്യമായ മാറ്റംവരുത്തി. വിശ്വാസം അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നു. മതപരിവർത്തനശ്രമങ്ങൾ സംഘടനകളുടെ രജിസ്‌ട്രേഷൻ യോഗ്യതകളുടെ മാനദണ്ഡപ്പട്ടികയിൽനിന്ന് പൂർണമായി ഒഴിവാക്കി. മതവിദ്യാഭ്യാസം, ധാർമികബോധവത്കരണം, സത്‌സംഗങ്ങൾ, പ്രഭാഷണങ്ങൾ, ധ്യാനക്യാമ്പുകൾ എന്നിവ മതപരിവർത്തന പ്രവർത്തനങ്ങൾ ഒഴിവാക്കി മാത്രമേ നടത്താവൂ

To advertise here,

അർഹതയ്ക്കുള്ള മാനദണ്ഡങ്ങൾ

ഇന്ത്യൻവംശജനല്ലാത്ത വിദേശ പൗരന്മാർ എൻ.ജി.ഒ.യുടെ പ്രധാന ഭാരവാഹിയാണെങ്കിൽ, അത്തരം സംഘടനകൾക്ക് എഫ്.സി.ആർ.എ. രജിസ്‌ട്രേഷനോ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മുൻകൂർ അനുമതിയോ ‘സാധാരണയായി’ അനുവദിക്കില്ല. എന്നാൽ, പ്രത്യേകസാഹചര്യങ്ങളിൽ വിദേശ പൗരരെ പ്രധാന ഭാരവാഹികളായി അനുവദിക്കാവുന്ന ഘട്ടം പ്രത്യേക ഉത്തരവിലൂടെ സർക്കാരിനു നിർവചിക്കാം.

2026-നുമുമ്പ് രജിസ്റ്റർചെയ്ത എല്ലാ സംഘടനകൾക്കും അവരുടെ രജിസ്‌ട്രേഷനിൽ നിലനിർത്താൻ ആഗ്രഹിക്കുന്ന പ്രത്യേക ലക്ഷ്യങ്ങളും പ്രവർത്തനമേഖലകളായ സംസ്ഥാനങ്ങളുടെ പേരുകളും കേന്ദ്രസർക്കാരിനെ അറിയിക്കാൻ ഒരു വർഷത്തെ സമയം അനുവദിച്ചു. അപേക്ഷയിൽ പുതുതായി ഒരു സംസ്ഥാനമോ ലക്ഷ്യമോ ചേർക്കുന്നതിന് 300 രൂപ വീതം അധിക ഫീസ് ഈടാക്കും.

പ്രവർത്തനം നിർത്തിയവരെ തടയും

പ്രവർത്തനരഹിതമായ എൻ.ജി.ഒ.കൾ ലൈസൻസ് തുടരുന്നത് തടയുന്നതിനായി പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി. രണ്ടുസാമ്പത്തികവർഷത്തിനിടയിൽ തങ്ങൾ തിരഞ്ഞെടുത്ത പ്രവർത്തനങ്ങൾക്കായി വിദേശസംഭാവനയിൽനിന്ന് സംഘടനകൾ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും ചെലവിട്ടിരിക്കണം. ഇത് ചെയ്യാത്തവർക്ക് രജിസ്‌ട്രേഷൻ നഷ്ടമാകും. രജിസ്‌ട്രേഷൻ പുതുക്കുന്നതിനും റദ്ദാക്കൽ ഒഴിവാക്കുന്നതിനും ഈ മാനദണ്ഡം ബാധകമായിരിക്കും.

മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിൽ ഒരു പ്രത്യേക ആവശ്യത്തിനായി വിദേശ ഫണ്ട് ലഭിക്കുന്ന എൻ.ജി.ഒ.കൾക്കും പണം വിനിയോഗത്തിൽ നിയന്ത്രണമുണ്ട്. ആദ്യ ഗഡുവിന്റെ കുറഞ്ഞത് 75 ശതമാനം തുക വിനിയോഗിച്ചശേഷമേ ഇവർക്ക് രണ്ടാം ഗഡുവോ തുടർന്നുള്ള ഗഡുക്കളോ അനുവദിക്കുകയുള്ളൂ.

വാർഷിക റിട്ടേണുകളിൽ സാമ്പത്തിക കണക്കുകൾക്കൊപ്പം വിശദമായ പ്രവർത്തന റിപ്പോർട്ടും ഉൾപ്പെടുത്തണം. വിനിയോഗം പരിശോധിക്കാൻ സർക്കാർ ഫീൽഡ് അന്വേഷണം നടത്തും.