ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽ വൻ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് 20 വിമത എംപിമാർ പാർട്ടി വിട്ടത് വലിയ വാർത്തയായിരുന്നു. എന്നാൽ അതിന്റെ പേരിൽ ഇപ്പോൾ ദേശീയ തലത്തിൽ ശ്രദ്ധനേടുകയാണ് മറ്റൊരു പാർട്ടി. ത്രിപുര കേന്ദ്രമായി പ്രവർത്തിക്കുന്ന, ദേശീയ രാഷ്ട്രീയത്തിൽ ഇതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന 'നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ' (NCPI) എന്ന സംഘടനയിലാണ് വിമത തൃണമൂൽ എംപിമാർ ലയിച്ചത്.

To advertise here,

ബംഗാളിലെ ഹൗറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പാർട്ടി 2023 ജനുവരി 20-നാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തത്.   എൻസിപിഐക്ക് ത്രിപുരയിലും ബംഗാളിലും മാത്രമാണ് നേരിയ സാന്നിധ്യമുള്ളത്. 2023-ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ത്രിപുരയിലെ ചവാമനു, അംബാസ, കരംചര, കൈലാഷഹർ എന്നീ നാല് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഒരിടത്തും വിജയിക്കാൻ സാധിച്ചില്ല. ചവാമനു മണ്ഡലത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് വെറും 536 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

വെറും 1,198 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. ഏഴ് സീറ്റുകളിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും നാലെണ്ണത്തിൽ പത്രിക തള്ളിപ്പോകുകയും ചെയ്തു.  തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച പെൻ നിബ് ( Pen nib) ആയിരുന്നു പാർട്ടിയുടെ ചിഹ്നം.

നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാന പാർട്ടിയായോ ദേശീയ പാർട്ടിയായോ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഒരു 'രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടി' (Registered Unrecognised Political Party) ആണിത്. ഉത്തരീയ കുന്ദു പ്രസിഡന്റായും അദ്ദേഹത്തിന്റെ ഭാര്യ ഷ്യൂലി കുന്ദു ട്രഷററായും പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് 1.13 ലക്ഷം രൂപ മാത്രമാണ് ആകെ സംഭാവനയായി ലഭിച്ചിട്ടുള്ളത്. എന്നാൽ ഒറ്റരാത്രികൊണ്ട് 20 എംപിമാരുടെ പിന്തുണ ലഭിച്ചതോടെ ഈ ചെറുകിട പാർട്ടി ദേശീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

ഇതിലെ രാഷ്ട്രീയ വൈരുദ്ധ്യവും ഇപ്പോൾ ചർച്ചയാകുകയാണ്. 'അധികാരത്തിന് വേണ്ടി കൂറുമാറുന്നവരെ പുറന്തള്ളുക' എന്ന മുദ്രാവാക്യവുമായാണ് എൻസിപിഐ ത്രിപുരയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 'അവകാശങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ കൂറുമാറ്റക്കാരെ തള്ളിക്കളയുക, സാമൂഹിക പ്രവർത്തകരെ പിന്തുണയ്ക്കുക' എന്നതായിരുന്നു അന്ന് പാർട്ടിയുടെ പ്രധാന മുദ്രാവാക്യം. അതേ പാർട്ടിയിലേക്ക് ഒറ്റയടിക്ക് 20 എംപിമാരെത്തിയത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് പാർട്ടി പ്രവർത്തകർ പോലും. തങ്ങളുടെ പാർട്ടിയിലേക്ക് ഇത്രയധികം എംപിമാർ എത്തിയ വാർത്ത കേട്ട് മുൻപ് എൻസിപിഐ സ്ഥാനാർത്ഥിയായിരുന്ന ബർജേദ ത്രിപുര എന്ന ദിവസവേതന തൊഴിലാളി പോലും അത്ഭുതം പ്രകടിപ്പിച്ചു.

എൻസിപിഐയിൽ ലയിച്ച എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയെ നേരിൽ കണ്ട് തങ്ങളെ പാർലമെന്റിൽ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്നും പ്രത്യേക ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസിലെ മൂന്നിൽ രണ്ട് ഭാഗം എംപിമാരും തങ്ങൾക്കൊപ്പമുണ്ടെന്ന് വിമത നേതാവ് കക്കോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടു. പുതിയതായി രൂപീകരിച്ച ഈ ഗ്രൂപ്പ് കേന്ദ്രത്തിലെ എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് വിമത എംപിമാർ വ്യക്തമാക്കിയിട്ടുണ്ട്. 'ഞങ്ങൾ എൻസിപിഐയിൽ ലയിച്ചു, ഭാവി തന്ത്രങ്ങൾ സമയത്തിനനുസരിച്ച് തീരുമാനിക്കും' എന്ന് ശതാബ്ദി റോയ് എംപി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര കലാപമായി ഈ നീക്കം വിലയിരുത്തപ്പെടുന്നു. എംപിമാരുടെ ലയനം സംബന്ധിച്ചും ചിഹ്നം സംബന്ധിച്ചും സ്പീക്കർ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.